ക്യാമറാമാനെ അടക്കം മാറ്റി; ‘മാമാങ്ക’ത്തില്‍ പുതിയ വിവാദം; എം.പത്മകുമാറും ടീമില്‍

ചിത്രീകരണം തുടങ്ങുന്നതിലെ അനിശ്ചിതത്വം നീങ്ങിയെങ്കിലും മമ്മൂട്ടിയുടെ ‘മാമാങ്കം’ എത്തുന്നത് അടിമുടി മാറ്റങ്ങളുമായി. മലയാളം കണ്ട ഏറ്റവും വലിയ സിനിമയാകാന്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ അനവധി മാറ്റങ്ങളോടെയാണ് ചിത്രത്തിന്റെ സുപ്രധാന ഷെഡ്യൂള്‍‌ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. 

പ്രമുഖരായ സാങ്കേതിക പ്രവര്‍ത്തകരെ അടക്കം ഒഴിവാക്കുന്നത് പുതിയ വിവാദങ്ങള്‍‌ക്ക് വഴി തുറന്നേക്കും. സംവിധാനം സജീവ് പിള്ള തന്നെ നിര്‍വ്വഹിക്കും. സംവിധായകനൊപ്പം പരിചയസമ്പന്നരുടെ നിര തന്നെ ചിത്രത്തിലുണ്ടാകും. ആയിരങ്ങള്‍ പങ്കെടുക്കുന്ന യുദ്ധരംഗങ്ങള്‍ അടക്കമാണ് ഇനി ചിത്രീകരിക്കാന്‍ ഉള്ളത്. ഒടിയനില്‍ സംവിധായകനെ സഹായിച്ച എം.പത്മകുമാറും മാമാങ്കത്തിലെ പുതിയ സംഘത്തില്‍ ചേരുമെന്നാണ് വിവരം. 

മൂന്നാം ഷെഡ്യൂളിന് ഒരുങ്ങുമ്പോൾ അഭിനേതാക്കളിലും ടെക്നീഷ്യനിലും കാര്യമായ മാറ്റമുണ്ട്. 35 ദിവത്തോളം ഷൂട്ട് ചെയ്തതിനു ശേഷമാണ് ക്വീൻ താരം ധ്രുവൻ ഈ ചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. ധ്രുവന് പകരം ഉണ്ണിമുകുന്ദൻ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 

ക്യാമറമാൻ ഗണേഷ് രാജവേലുവാണ് ഒഴിവാക്കപ്പെട്ടവരിൽ പ്രമുഖൻ. തന്നെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെന്നുളളത് സത്യമാണെന്നും എന്താണ് കാരണമെന്ന് തന്നോട് ഇതു വരെ പറഞ്ഞിട്ടില്ലെന്നും ഗണേഷ് രാജവേലു മനോരമ ന്യൂസ് ഡോട്കോമിനോട് പറഞ്ഞു.  southern india cinematographers association (SICA) യ്ക്ക് ഞാൻ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. അസോസിയേഷനിലെ ആളുകൾ അണിയറ പ്രവർത്തകരുമായി സംസാരിക്കുന്നുണ്ട്. അതിനു ശേഷം ഈ സിനിമയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ വെളിപ്പെടുത്തും– ഗണേഷ് രാജവേലു മനോര ന്യൂസിനോട് പറഞ്ഞു. മോഹൻലാൽ– വിജയ് ചിത്രം ജില്ല, സൂര്യയുടെ സൂപ്പർഹിറ്റ് ചിത്രം ആദവൻ, മോഹൻലാൽ ചിത്രം കാസനോവ എന്നീ സിനിമകളുടെ ഛായഗ്രഹകനാണ് ഗണേഷ് രാജവേലു. പ്രമുഖ ക്യാമറമാൻ മനോജ് പിളളയാണ് പകരക്കാരൻ.

കലാ സംവിധായകൻ സുനിൽ ബാബുവാണ് സ്ഥാനചലനം വന്ന മറ്റൊരാൾ. മോഹൻദാസാണ് പകരക്കാരൻ. ആമിർ ഖാൻ നായകനായ ഗജിനി, കായംകുളം കൊച്ചുണ്ണി, എം, എസ് ധോണി എന്നീ ചിത്രങ്ങളുടെ കലാസംവിധായകനായ സുനിൽ ബാബു പഴശ്ശിരാജയിലും പ്രവർത്തിച്ചിട്ടുണ്ട്. കോസ്റ്റും ഡിസൈനർ അനു വർദ്ധനാണ് സ്ഥാന ചലനം വന്ന മറ്റൊരു പ്രമുഖ. വിശ്വാസം, വിവേകം, കബാലി, ബില്ല തുടങ്ങിയ ബിഗ്ബജറ്റ് സിനിമകളുടെ കോസ്റ്റും ഡിസൈനറായ അനു വർദ്ധനു പകരം എസ്.പി.സതീഷ് ചിത്രത്തിൽ പ്രവർത്തിക്കും. 

പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളിയാണ് മാമാങ്കത്തിന്റെ നിർമാതാവ്. കേരളത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴ് കിലോമീറ്റർ തെക്കുമാറി തിരുനാവായ മണപ്പുറത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്. മാഘമാസത്തിലെ മകം നാളിൽ നടന്നുവന്ന ഉത്സവമാണിത്. ഇൗ ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് സജീവ് പിളള ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. 

മോഹൻലാൽ ചിത്രം ഒടിയന്റെ റിലീസിങ്ങിനു മുൻപേ മുഴങ്ങിക്കേട്ട വിവാദമായിരുന്നു എം.പത്മകുമാറാണ് ഒടിയന്റെ ഭൂരിഭാഗം രംഗങ്ങളും പൂർത്തിയാക്കിയതെന്ന്. നിർമാതാവ് ആന്റണി പെരുമ്പാവൂരും ശ്രീകുമാർ ‍മേനോനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഒടിയൻ മികച്ച രീതിയിൽ പൂർത്തിയാക്കാൻ ശ്രീകുമാർ മേനോന് സാധിക്കില്ലെന്നു മനസിലാക്കിയ നിർമാതാവ് ശ്രീകുമാര്‍ ‍മേനോനെ മൂലയ്ക്കിരുത്തി പത്മകുമാറിനെ കൊണ്ട് സംവിധാനം ചെയ്യിച്ചുവെന്നായിരുന്നു ഒടിയന്റെ റിലീസിന്റെ തലേദിവസം വരെ പ്രചരിച്ചിരുന്നത്. 

അതിരൂക്ഷമായിട്ടായിരുന്നു ശ്രീകുമാർ മേനോൻ പത്രസമ്മേളനത്തിൽ ഈ ചോദ്യങ്ങളോട് പ്രതികരിച്ചത്. ഒടിയൻ പൊട്ടിയെന്ന് ആരോപിക്കുന്നവർ ആ സംവിധായകന്റെ അടുത്തുപോയി വിമർശനം നടത്തട്ടെ. ‘ജോസഫ് അതിമനോഹരമായി ചെയ്തു, ഒടിയൻ എന്തുകൊണ്ട് മോശമായി ചെയ്തു’ എന്ന് ഇക്കൂട്ടർ അദ്ദേഹത്തോട് ചോദിക്കൂ.–പ്രസ് ക്ലബിന്റെ മുഖാമുഖത്തിൽ അന്ന് ശ്രീകുമാര്‍ മേനോന്‍ െപാട്ടിത്തെറിച്ചു. ഒടിയൻ’ പൂർണമായും വി.എ.ശ്രീകുമാർ മേനോന്റെ സിനിമയാണെന്നു ഒരു സുഹൃത്തെന്ന നിലയിൽ സിനിമയുടെ ചില കാര്യങ്ങളിൽ ഇടപെടുകയും ചില സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ക്രിയേറ്റിവ് കാര്യങ്ങളിൽ ഇപ്പോൾ പല സിനിമകളുമായും ഇതുപോലെ സഹകരിക്കാറുണ്ടെന്നുമായിരുന്നു പത്മകുമാറിന്റെ മറുപടി. ‌