പത്താംക്ലാസിൽ ആവറേജ് ആയാൽ പ്രീഡിഗ്രിക്ക് ചേർക്കില്ലേ? രണ്ടാമൂഴത്തിൽ മറുപടി, വിഡിയോ

ഒടിയനു ശേഷം ശ്രീകുമാർ മേനോന്റെ അടുത്ത സിനിമ എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ രണ്ടാമൂഴമായിരിക്കുമെന്നായിരുന്നു വാർത്തകൾ. എന്നാൽ സിനിമയ്ക്ക് കാലതാമസം നേരിട്ടതോടെ എംടി തിരക്കഥ തിരികെ ചോദിച്ചു. ശ്രീകുമാർ മേനോനെതിരെ ഹർജി ഫയൽ ചെയ്തിരിക്കുകയാണ്. എന്നാൽ സിനിമ നടക്കുമെന്നും തെറ്റിധാരണ മാറ്റുമെന്നുമാണ് സംവിധായകൻ പറയുന്നത്. വാക്കുകൾ ഇങ്ങനെ:

രണ്ടാമൂഴത്തിൽ തെറ്റിധാരണയേയുള്ളൂ. തർക്കമില്ല. എംടി സാർ എനിക്ക് ആ തിരക്കഥ തരുമ്പോൾ ഒടിയനെക്കുറിച്ച് പോലും ചിന്തിച്ചിരുന്നില്ല. എന്റെ പരസ്യചിത്രത്തിന്റെ മികവ് കണ്ടിട്ടാണ് തന്നത്. അദ്ദേഹത്തിനും സിനിമയുടെ ഭാഗമാകാൻ താൽപര്യമുണ്ട്. അദ്ദേഹത്തിന്റെ മനസിലെ സംശയങ്ങൾ ദൂരീകരിച്ച ശേഷം രണ്ടാമൂഴം ഷൂട്ട് ചെയ്യും.

താൻ ഒരു ശരാശരി സംവിധായകനും പരിശീലനം നേടിയ പരസ്യചിത്രകാരനുമാണെന്ന് ശ്രീകുമാർ മേനോൻ പത്രസമ്മേളനതിൽ പറഞ്ഞു. ഒരു ശരാശരി സംവിധായകന് എംടിയുടെ രണ്ടാമൂഴം ചെയ്യാൻ സാധിക്കുമോയെന്ന ചോദ്യത്തിന് ശരാശരി മാർക്ക് നേടിയ ഒരാളെ നിങ്ങൾ പ്രീഡിഗ്രിക്ക് ചേർക്കാതെയിരിക്കുമോ? അയാൾ അടുത്ത തവണ ഫസ്റ്റ്ക്ലാസ് വാങ്ങില്ലെന്ന് പറയാൻ പറ്റുമോ? എന്നായിരുന്നു ശ്രീകുമാർ മേനോന്റെ മറുചോദ്യം. രണ്ടാമൂഴത്തിന് വേണ്ടി ഒരുപാട് പഠിച്ചിട്ടുണ്ടെന്നും തീർച്ചയായും സിനിമയെടുക്കുമെന്നു സംവിധായകൻ ആവർത്തിച്ചു.