സംസാരത്തിനിടെ ഒരൊറ്റ സ്പാർക്ക്, മാസും ക്ളാസും ഒരുമിക്കുന്ന ഒടിയൻ

അക്ഷമയോടെയുള്ള ആരാധകരുടെ കാത്തിരിപ്പിനു അവസാനം. ഒടിയൻ മാണിക്യൻ തിയറ്ററുകളിലെത്തി. വഴിമുടക്കാനെത്തിയ ഹർത്താലിനെ തോൽപ്പിച്ച് വൻ വരവേൽപ്പാണ് ചിത്രത്തിനു ആരാധകർ നൽകിയത്. 

രാവിന്റെ കഥയാണ് ഒടിയനെന്നു ചിത്രത്തിന് തിരക്കഥയെഴുതിയ കെ. ഹരികൃഷ്ണൻ മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇത്രയധികം ഇരുട്ട് ഉപയോഗിക്കപ്പെട്ട ഒരു സിനിമ അധികം ഉണ്ടായിട്ടില്ല. രാത്രിയുടെ രാജാവിന്റെ കഥയാണിത്. എന്റേയും സംവിധായകൻ ശ്രീകുമാറിന്റേയും വീട് പാലക്കാടാണ്. തങ്ങൾ കേട്ടുവളർന്ന അമ്മൂമ്മകഥകളായിരുന്നു ഒടിയൻ. കേട്ട കഥകളിൽ നിന്നും മോഹൻലാലിനു വേണ്ടിയുണ്ടാക്കിയ കഥയാണ് ഒടിയൻ. 

ചിത്രത്തിന്റെ പ്രൊഡക്ഷൻ കാലം വലുതായിരുന്നു. കഥാപാത്രത്തിനു വേണ്ടി മോഹൻലാൽ എടുത്ത ശാരീരികമായ സമർപ്പണത്തിനും സമയമെടുത്തു. എന്നാൽ ഇതൊന്നുമല്ലാത്ത ഒരു കാലം വളരെ ചെറുതായിരുന്നു. അതായത് താനും ശ്രീകുമാറും തമ്മിലുണ്ടായ യാദൃശ്ചികമായ ഒരു സംസാരം. അതിൽ നിന്നുണ്ടായ ഒരു സ്പാർക്ക്. അതാണ് ഒടിയൻ. ഒടിയനിൽ ഒരു സിനിമയുണ്ട് എന്ന് സംഭാഷണത്തിനിടെ ഞങ്ങൾ മനസിലാക്കി. ശങ്കർ, രാജമൗലി ചിത്രങ്ങൾ പോലെയല്ല ഒടിയൻ. മാസും ക്ളാസും ഒരുമിക്കുന്ന ചിത്രമാണിത്

ജോലിയും എഴുത്തും ഒരേ സമയം കൊണ്ടു പോകാൻ ഏറെ കഷ്ടപ്പെ‌ട്ടിട്ടുണ്ട്. എല്ലാ തിരക്കുകളും കഴിഞ്ഞ് രാത്രികളിൽ ഇരുന്നെഴുതിയതാണ് ഒടിയൻ. രാത്രികൾ കടംവാങ്ങിയെഴുതിയ കഥ. അങ്ങനെയാണ് നായകൻ രാത്രിയുടെ രാജാവായതെന്നു കൂട്ടുകാരോടു തമാശയായി പറയാറുണ്ട്. ഛായാഗ്രാഹകൻ ഷാജി കുമാർ, പീറ്റർ ഹെയ്ൻ തുടങ്ങിയവരുടെ കഴിവ് ചിത്രത്തെ ഏറെ സഹായിച്ചു. 

ആദ്യം കഥ കേൾക്കുന്നത് നിർമാതാവ് ആന്റണി പെരുമ്പാവൂരാണ്. ഒരു സിനിമയെ എത്രമാത്രം മൂല്യവത്താക്കാൻ നിർമാതാവിനു സാധിക്കുമെന്നു ആന്റണി തെളിയിച്ചു. ഈ സിനിമയ്ക്കു ബജറ്റില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നിങ്ങൾക്കു സങ്കൽപ്പിക്കാൻ പറ്റാവുന്ന വലിപ്പത്തിലേക്ക് ഈ ചിത്രത്തെ എത്തിക്കാനാണ് അദ്ദേഹം പറഞ്ഞത്. എത്ര പണം ചിലവാകുന്നോ അതായിരിക്കും ബജറ്റ്. എത്ര പണം മുടക്കാനും താൻ തയ്യാറാണ്. ഇപ്പോഴും ഒടിയന്റെ ബജറ്റ് എത്രയെന്ന് കണക്കു കൂട്ടിയിട്ടില്ല. ഇങ്ങനൊരു നിർമാതാവാണ് ഒടിയന്റെ ആദ്യ കാരണം. ആന്റണിയാണ് ചിത്രത്തെ ഈ ഉയരത്തിലേക്ക് കൊണ്ടുപോയതെന്നും കെ. ഹരികൃഷ്ണൻ പറഞ്ഞു.