ഒടിയെനെത്തി; പുലരും മുൻപേ ഹർത്താലിനെ തള്ളി ആവേശം; വിഡിയോ

മലയാളക്കരയെ ആവേശക്കടലിലാക്കി ഒടിയനെത്തി. ആദ്യ പ്രദർശനത്തിന് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകർ പുലർച്ചയോടെ തന്നെ പാട്ടും മേളവുമായി തിയറ്ററുകൾ പൂരപ്പറമ്പാക്കി. പുലർച്ചെ നാലരയോടെയാണ് ആദ്യ പ്രദർശനം ആരംഭിച്ചത്. 37 രാജ്യങ്ങളിലായി 3500 കേന്ദ്രങ്ങളിലായിരുന്ന ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. എന്നാൽ ചില തിയറ്ററുകളിൽ സുരക്ഷാപ്രശ്നം കണക്കിലെടുത്ത് ഷോ വൈകിട്ട് ആറുമണിക്ക് ശേഷമേ നടത്തുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 

ഒടിയന്‍ ഇന്നുതന്നെ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്. പിന്നീട് സംവിധായകൻ ശ്രീകുമാർ മേനോൻ ലൈവിലെത്തി കാര്യങ്ങൾ വിശദമാക്കിയിരുന്നു. ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചാലുണ്ടാകുന്ന ഭീമമായ നഷ്ടത്തെ കുറിച്ച് ബിജെപി നേതാക്കളെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അപ്രതീക്ഷിതമായി  പ്രഖ്യാപിച്ച ഹർത്താലിനെതിരെ രൂക്ഷമായി പ്രതികരിച്ച് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത് എത്തിയിരുന്നു. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താൻ നടത്തുന്നത്.