‘ആലിയ പ്രണയത്തിലാണ്; രൺബീര്‍ നല്ലവന്‍’; പ്രണയത്തിന് മഹേഷ് ഭട്ടിന്‍റെ പച്ചക്കൊടി

ബോളിവുഡിൽ ഈ വർഷം കല്യാണക്കാലം കൂടിയായിരുന്നു. പ്രിയപ്പെട്ട ജോഡികൾ ഒന്നിച്ചത് ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. വിവാഹിതരാകുമോയെന്ന് ആരാധകർ ഉറ്റുനോക്കുന്ന താരങ്ങളാണ് രൺബീർ കപൂറും ആലിയഭട്ടും. ആ പ്രണയവും താമസിയാതെ പൂവണിയുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. ആലിയയുമായി പ്രണയത്തിലാണെന്ന് രൺബീർ തുറന്നുപറഞ്ഞിരുന്നു. എന്നാൽ ആലിയ ഇതുസംബന്ധിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോൾ മകളുടെ പ്രണയം അച്ഛൻ മഹേഷ് ഭട്ട് തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 

‘‘അതെ, അവർ പ്രണയത്തിലാണ്. അത് മനസ്സിലാക്കാൻ ഒരു ജീനിയസ് ആവേണ്ട കാര്യമില്ല. എനിക്ക് രൺബീറിനെ ഇഷ്ടമാണ്. അയാൾ നല്ലൊരു വ്യക്തിയാണ്”.–  ഒരു പൊതുചടങ്ങിൽ തന്റെ നേർക്കുയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മഹേഷ് ഭട്ട്. 

രൺബീർ-ആലിയ വിവാഹ അഭ്യൂഹങ്ങളെക്കുറിച്ച് ‘‘വിവാഹത്തെക്കുറിച്ച് തീരുമാനിക്കേണ്ടത് അവരാണ്. അത് എപ്പോൾ നടക്കുമെന്ന് എനിക്ക് പറയാനാകില്ല. നമുക്ക് കാത്തിരിക്കാം” എന്നായിരുന്നു മഹേഷിന്റെ പ്രതികരണം.

സോനം കപൂറിന്റെ വിവാഹ പാർട്ടിക്ക് ഒരുമിച്ച് എത്തിയതോടെയാണ് രൺബീറും ആലിയയും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നത്. ഇവർ ആദ്യമായി ഒന്നിക്കുന്ന ബ്രഹ്മാസ്ത്രയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായതെന്നാണ് നിഗമനം. 2019 ൽ ചിത്രം റിലീസിനെത്തും.