അനുഷ്ക, ദീപിക; ഇനി ഇഷയെയും സബ്യസാചി ഒരുക്കും; വരും, സാരിയില്‍ മായാജാലം

അനുഷ്കയെയും ദീപികയെയും ഒരുക്കിയ ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജി തന്നെ ഇഷ അംബാനിയെയും ഒരുക്കും. അനുഷ്ക, ദീപിക പദുക്കോൺ എന്നിവർ സബ്യസാചി തുന്നിയ സാരിയെടുത്താണ് തങ്ങളുടെ വിവാഹത്തിനെത്തിയത്. ഇഷ അംബാനിയുടെ വിവാഹത്തിനും സബ്യസാചി തന്നെയാകും സാരിയൊരുക്കുക. വിവാഹവസ്ത്രം ഒരുക്കാൻ ഏതു ഡിസൈനറെ തിരഞ്ഞെടുക്കും, സബ്യസാചിയോ, മനീഷ് മൽഹോത്രയോ എന്നു ചോദിച്ചപ്പോൾ സംശയമില്ലാതെ തന്നെ ദീപിക പദുക്കോൺ പറഞ്ഞ പേരും സബ്യസാചിയുടെ ആയിരുന്നു. 

ഗൃഹശാന്തി പൂജയ്ക്കായി ഒരുക്കിയ ലഹങ്കയണി‍ഞ്ഞു നിൽക്കുന്ന ഇഷ അംബാനിയുടെ ചിത്രം സബ്യസാചി മുഖർജി പങ്കുവെച്ചതോടെ നിമിഷങ്ങൾക്കകം വൈറലാകുകയും ചെയ്തു. ഇൻ‍സ്റ്റഗ്രാമിലൂടെയാണ് സബ്യസാചി ചിത്രം പങ്കുവെച്ചത്. ഹാന്റ് പെയ്ന്റിംഗും എബ്രോയട്രിയും ചെയ്ത ചുവപ്പു ലഹങ്കയ്ക്കും ബന്ദേജ ദുപ്പട്ടയ്ക്കും ഒപ്പം വജ്രവും മരതകവും പതിപ്പിച്ച നെക്‌ലേസും കമ്മലുമാണ് ഇഷ അണിഞ്ഞിരിക്കുന്നത്. 

ഇന്ത്യയിലെ സ്ത്രീകൾക്ക് സാരിയെടുക്കാനറിയില്ല എന്ന പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയുടെ പ്രസ്താവന കുറച്ചു വിവാദങ്ങളൊന്നുമല്ല ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ ട്വീറ്റ് വൻ വാർത്താപ്രാധാന്യം നേടി. സാരി ധരിക്കുമ്പോള്‍ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്ന വിഷയത്തില്‍ നടന്ന ഹാര്‍വാഡ് ഇന്ത്യ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാർശം. 

'നിങ്ങള്‍ക്ക് സാരിയുടുക്കാന്‍ അറിയില്ല എന്ന് എന്നോട് പറയുകയാണെങ്കില്‍, നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു എന്നേ പറയാനാകൂ. സാരി നിങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. നിങ്ങളതിന്റെ ഭാഗമായിത്തീരേണ്ടവരാണ്. ലോകത്തിലെ ഏറ്റവും മികച്ച വസ്ത്രമാണ് സാരി, അത് ലോകം അംഗീകരിച്ചതുമാണ്'- സബ്യസാചി പറഞ്ഞു. എന്നാൽ സബ്യസാചി ഡിസൈൻ ചെയ്ത സാരിയെടുക്കാൻ കാത്തിരിക്കുന്നവരുടെ ലിസ്റ്റ് തന്നെ ഞെട്ടിക്കുന്നതാണ്. 

ഡിസംബർ 12നാണ് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൾ ഇഷ അംബാനി വിവാഹിതയാകുന്നത്. മുംബൈയിലെ അംബാനിയുടെ വസതിയിലാണ് വിവാഹം. ബാല്യകാല സുഹൃത്തും വ്യവസായിയുമായ ആനന്ദ് പിരാമലാണ് ഇഷയുടെ പ്രതിശ്രുത വരൻ. മുംബൈയിലെ മുകേഷ് അംബാനിയുടെ വസതിയിൽ പാരമ്പര്യാചാരപ്രകാരമാണ് വിവാഹം നടക്കുക.പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെയും സ്വാതി പിരാമലിന്റെയും മകനായ ആനന്ദും ഇഷയും സഹപാഠികളും അടുത്ത സുഹൃത്തുക്കളുമാണ്. 

ലക്ഷങ്ങൾ വിലവരുന്ന വിവാഹക്ഷണക്കത്തും വാർത്തകളിൽ ഇടം നേടി. ഇന്ത്യയിലെ ആഢംബരത്തിന്റെ അവസാനവാക്കായി ഇഷയുടെ വിവാഹം മാറുമെന്നാണ് ആരാധകർ കരുതുന്നത്. ഉദയ്പുരിൽ ഡിസംബർ 8,9 തീയതികളിൽ പ്രീവെഡ്ഡിങ് ആഘോഷങ്ങക്കുശേഷമാണ് വിവാഹം. വസ്ത്രങ്ങളെല്ലാം സബ്യസാചി ഒരുക്കുന്നതിന്റെ സന്തോഷത്തിലാണ് ഫാഷൻ പ്രേമികൾ. ഇതുവരെ കാണാത്ത മായാജാലങ്ങൾ ഇഷയു‌ടെ വസ്ത്രങ്ങളിൽ സബ്യസാചി ഒരുക്കുമെന്നാണ് അവർ കണക്കുകൂട്ടുന്നത്. ഗൃഹശാന്തി പൂജയ്ക്കായി ഒരുക്കിയ ലഹങ്ക ആ പ്രതീക്ഷകളെ ശക്തമാക്കുന്നു.