തെരുവിലൂടെ സ്‌കൂട്ടറില്‍ ചുറ്റി വിരാട് കോലിയും അനുഷ്‌കയും; ആരാധകർക്ക് അമ്പരപ്പ്; വിഡിയോ

മുംബൈ തെരുവിലൂടെ സ്‌കൂട്ടറില്‍ ചുറ്റി വിരാട് കോലിയും ഭാര്യ അനുഷ്‌ക ശർമയും. ഇരുവരും സ്‌കൂട്ടറിൽ മുംബൈയിലെ തെരുവിലൂടെ കറങ്ങുന്ന ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നു. പച്ച നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റുമാണ് കോലിയുടെ വേഷം. കറുത്ത ടി ഷര്‍ട്ടും പാന്റുമാണ് അനുഷ്‌ക അണിഞ്ഞിരിക്കുന്നത്. മുംബൈയിലെ മഡ് ഐലൻഡിൽ പരസ്യ ചിത്രീകരണം കഴിഞ്ഞ് മടങ്ങുംവഴിയാണ് താരങ്ങൾ ‌സ്കൂട്ടറിൽ യാത്ര ചെയ്‌തത്.

എഷ്യാകപ്പിനുള്ള ഒരുക്കത്തിലാണ് നിലവിൽ വിരാട് കോലിയുള്ളത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും പിന്നാലെ നടന്ന സിംബാബ്‍വെ പര്യടനത്തിൽ നിന്നും കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു. ഈ മാസം 28 ന് പാക്കിസ്ഥാനെതിരെയാണ് എഷ്യൻകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ചെറിയ ഇടവേള ഫോമിലേക്ക് തിരികെയെത്താൻ കോലിയെ സഹായിക്കുമെന്നും പാക്കിസ്ഥാനെതിരെ മിന്നും ഫോം കോലി പുറത്തെടുക്കുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

മികച്ച പ്രകടനം നടത്താൻ കായിക താരങ്ങളുടെ മാനസിക ആരോഗ്യം കൂടി നിലനിർത്തേണ്ടതിനെക്കുറിച്ചു കോലി തുറന്നു പറഞ്ഞത് നേരത്തെ വാർത്തയായിരുന്നു.