5000 രൂപയ്ക്ക് കരാട്ടെ പഠിപ്പിച്ചു ആരും തിരിഞ്ഞുനോക്കാത്ത കാലം: അക്ഷയ് കുമാർ

സിനിമാതാരങ്ങളുടെ ഭൂതകാലവും ഇന്നത്തെ അവരായ വഴികളുമറിയാൻ ആരാധകര്‍ക്ക് എന്നും താത്പര്യമുണ്ട്. കഠിനവഴികൾ പിന്നിട്ടാണ് പലരും ഇന്നത്തെ അറിയപ്പെടുന്ന താരങ്ങളായത്. അത്തരത്തിൽ വന്ന വഴി പങ്കുവെച്ചിരിക്കുകയാണ് ബോളിവു‍ഡ് താരം അക്ഷയ് കുമാർ. വാർത്താ ഏജൻസിയായ പിടിഐയോട് ആണ് താരം മനസു തുറന്നത്. 

''145 ഓളം സിനിമകള്‍ ഞാനിപ്പോൾ ചെയ്തിട്ടുണ്ടാകും. ആദ്യചിത്രങ്ങളിൽ ഭൂരിഭാഗവും ആക്ഷൻ ചിത്രങ്ങളാണ്. ആ സമയത്ത് ഏതെങ്കിലുമൊരു സംവിധായകനോ നിർമാതാവോ എന്നെ തിരിഞ്ഞുനോക്കിയിരുന്നില്ല, ആക്ഷൻ അല്ലാതെ മറ്റെന്തെങ്കിലും എനിക്ക് ചെയ്യാനാകുമെന്ന് വിശ്വസിച്ചിരുന്നില്ല. ക്രമേണ ഹാസ്യകഥാപാത്രങ്ങൾ അവതരിപ്പിക്കാന്‍ തുടങ്ങി. പിന്നീട് റൊമാന്‍റിക് സിനിമകളും ചെയ്തു തുടങ്ങി'', താരം പറ‍ഞ്ഞു.

ആയോധനകല പരിശീലിപ്പിക്കാൻ ഒരു സ്കൂൾ ആരംഭിക്കാനാണ് മുംബൈയിലെത്തിയത്. സിനിമയിലും മോ‍ഡലിങ്ങിലും കൂടുതൽ അവസരങ്ങളുണ്ടെന്ന് മനസിലാക്കിയത് മുംബൈയിൽ വെച്ചാണ്. 

''ആദ്യകാലത്ത് ഒരുപാട് ആക്ഷൻ ചിത്രങ്ങൾ ചെയ്തു. കാരണം, എനിക്ക് മറ്റൊന്നും അറിയില്ലായിരുന്നു. 13 വർഷത്തോളം ആക്ഷൻ മാത്രം ചെയ്തു. ഇതിനിടെ 5 വർഷം ബാങ്കോക്കിൽ തായ് ബോക്സിങ്ങ് പരിശീലിച്ചു. മുംബൈയിൽ ആയോധനകല പഠിപ്പിച്ചിരുന്ന സമയത്ത് 5.000 രൂപ മാസശമ്പളത്തിൽ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ആയിടക്ക് ഒരാൾ എന്നോട് മോഡലിങ്ങ് പരീക്ഷിക്കാൻ ആവശ്യപ്പെട്ടു. ഒരു ഫർണീച്ചർ ഷോറൂമിനു വേണ്ടിയാണ് ആദ്യമായി മോഡലിങ്ങ് ചെയ്തത്.  രണ്ടു മണിക്കൂർ കൊണ്ട് 21,000 രൂപ കിട്ടി'', അക്ഷയ് കുമാർ കൂട്ടിച്ചേർത്തു. 

സിനിമയിലെത്താൻ കാരണം പണമാണെന്നും പണം സമ്പാദിക്കാനാണ് ഈ മേഖലയിലെത്തിയതെന്നും താരം പറയുന്നു. അടുത്തിടെ കോഫി വിത്ത് കരൺ ജോഹർ എന്ന പരിപാടിയിൽ പണം അനാവശ്യമായി ചെലവഴിക്കുന്നത് ഇഷ്ടമില്ലാത്ത താരമാണ് അക്ഷയ് കുമാർ എന്ന് രൺവീർ സിങ്ങ് പറഞ്ഞിരുന്നു.