പിച്ചക്കാരനെന്ന് കരുതി 10 രൂപ നല്‍കി സ്ത്രീ; വാങ്ങി പോക്കറ്റിലിട്ട് രജനീകാന്ത്: അമ്പരപ്പ്

ഇന്ത്യന്‍ സിനിമയില്‍ ആള്‍ക്കൂട്ടങ്ങളുടെ നായകനാണ് രജനീകാന്ത്. തെന്നിന്ത്യയില്‍ മാത്രമല്ല ഇന്ത്യയാകെ വേരുകളുള്ള മാസ് നായകന്‍. തിരശീലയ്ക്ക് പുറത്തും രജനീകാന്ത് അമ്പരപ്പിക്കുന്ന സാന്നിധ്യമാണ്. ഇടപെടലുകളിലെ ലാളിത്യം കൊണ്ട് അത്രമേല്‍ പ്രിയങ്കരനായ താരം. കഴിഞ്ഞാഴ്ച നല്‍കിയ ഒരഭിമുഖത്തില്‍ രജനി പറഞ്ഞ ചില അനുഭവചിത്രങ്ങള്‍ ആ മനസ്സിന്‍റെ കൂടുതല്‍ തെളിഞ്ഞ പ്രകാശനമാകുന്നു. 

സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തെക്കുറിച്ച് അദ്ദേഹം പറയുന്നു. പുറത്തിറങ്ങുന്നതും ആളുകളെ അഭിമുഖികരിക്കുന്നതുമെല്ലാം എന്നെ സംബന്ധിച്ച് വിഷമമുളള കാര്യങ്ങളാണ്. എല്ലാവരും ലളിത ജീവിതം എന്ന് വാഴ്ത്തുന്ന തന്റേത് അത്ര ലളിതമൊന്നുമല്ലെന്നും അദ്ദേഹം പറയുന്നു. ബെംഗളൂരുവിൽ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ പ്രച്ഛന്ന വേഷത്തിലാണ് പോയത്.  മുഷിഞ്ഞ് ഒരു പിച്ചക്കാരനെപോലെ തോന്നുമായിരുന്നു. തൊഴുത് പ്രദക്ഷിണം ചെയ്യാനൊരുങ്ങുമ്പോൾ  ഒരു സ്ത്രീ എനിക്ക് പത്തുരൂപ വെച്ചുനീട്ടി, ഞാനത് വാങ്ങി പോക്കറ്റിലിട്ടു. അവരെന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചുറ്റിവന്ന് ഒരു ഇരുനൂറ് രൂപയെടുത്ത് ഭണ്ഡാരത്തിൽ ഇട്ടു. പുറത്തിറങ്ങിയപ്പോൾ എന്റെ കാർ വന്നു ഞാനതിൽ കയറുന്നത് കണ്ടപ്പോൾ അവർ വാ പൊളിച്ച് നിൽക്കുകയാണ്– രജനി പറയുന്നു. 

മറ്റൊരിക്കൽ ഒരു തീയറ്റർ സമുച്ചയത്തിൽ സൂപ്പർഹിറ്റ് പടം കാണാൻ ഞാൻ പോയി. വേഷം മാറിയാണ് പോയത്. ദൂരെ നിന്ന് ഒരു വിളികേട്ടു. തലൈവാ. ഞാൻ ഞെട്ടിപ്പോയി. എന്റെ കൈയും കാലും വിറച്ചു. കാറാണെങ്കിൽ ഏറെ അകലെയും. ഞാൻ ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി ഒരു വിധം പുറത്തെത്തി. പിന്നെയാണ് മനസിലായത്. അയാൾ വേറേ ആരെയോ ആയിരുന്നു വിളിച്ചതെന്ന്– രജനി ചിരിയോടെ പറയുന്നു. 

കാലക്ക് ശേഷം വീണ്ടും ഒരു രജനികാന്ത് ചിത്രം ഈ വര്‍ഷം തന്നെ റിലീസിനായി ഒരുങ്ങുന്നു എന്ന ആവേശത്തിലാണ് ആരാധകര്‍. ശങ്കര്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ.ആര്‍.റഹ്മാനാണ് സംഗീതം. രജനിയുടെ 2.0 ഉടന്‍ തീയറ്ററിലെത്തും.