‘കൊള്ളാം, ഇതിലാണ് ഞാൻ വളർന്നത്..’; ജാവപ്പുറത്തേറി ഷാരൂഖ്; കയ്യടി

‘കൊള്ളാം, ഇതിലാണ് ഞാൻ വളർന്നത്..’ ഇൗ വാചകം മാത്രം മതി ബോളിവുഡിന്റെ കിങ് ഖാന്  ജാവ ബൈക്കുകളോടുള്ള കമ്പം എത്രത്തോളമെന്ന് വ്യക്തമാവാൻ. രണ്ടു പതിറ്റാണ്ടിനിപ്പുറം പുതിയ രൂപത്തിൽ അവതരിച്ച ജാവ ബൈക്കുകൾക്ക് സ്വാഗതം നൽകി ഷാരൂഖ് ഖാൻ ട്വിറ്ററിൽ കുറിച്ച വരികളാണിത്. മുംബൈയില്‍ നടന്ന ചടങ്ങിലാണ് ജാവയുടെ പുതിയ ബൈക്കുകള്‍ അവതരിപ്പിച്ചത്. മഹീന്ദ്രയാണ് ജാവ ബൈക്കുകളുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിക്കുന്നത്. 

ജാവ, ജാവ 42, ജാവ പരേക്ക് എന്നീ മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കിയത്. ജാവ 42 ന് 1.55 ലക്ഷം രൂപയും ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ പരേക്കിന് 1.89 രൂപയുമാണ് വില. പഴയ ജാവയെ അനുസ്മരിപ്പിക്കുന്ന മനംകുളിർപ്പിക്കുന്ന രൂപലാവണ്യത്തിലാണ് ജാവയുടെ രണ്ടാം വരവ്. ഒരു കാലത്ത് ഇന്ത്യൻ നിരത്തിലെ നിറ സാന്നിധ്യമായിരുന്ന ജാവ രണ്ടാമതെത്തുമ്പോൾ പ്രധാന എതിരാളി റോയൽ എൻഫീൽഡാണ്. രണ്ടാം വരവ് ഗ്രാൻഡാക്കാനെത്തിയ ജാവയുടെ മൂന്നു മോഡലുകളാണ് കമ്പനി പുറത്തിറക്കുന്നത്

ഇതിൽ ജാവ പരേക്കിൽ 334 സിസി എൻജിനും മറ്റുരണ്ട് ബൈക്കുകളിൽ 293 സിസി എൻജിനുമാണ് ഉപയോഗിക്കുന്നത്. ശേഷി കൂടിയ പരേക്കിന്റെ വില പ്രഖ്യാപിച്ചെങ്കിലും ഉടൻ വിപണിയിലെത്തില്ല. നേരത്തെ ബൈക്കിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. രണ്ടാം വരവിൽ ജാവ ഉപയോഗിക്കുന്ന 293 സിസി എൻജിന് 27 എച്ച്പി കരുത്തും 28 എൻഎം ടോർക്കുമുണ്ട്. ആധുനികതയും പരമ്പരാഗത ലുക്കും ചേർത്തിണക്കാണ് പുതിയ ബൈക്കിന്റെ രൂപകൽപ്പന എന്നാണ് മഹീന്ദ്ര പറയുന്നത്. 293 സിസി എൻജിന് കൂട്ടായി എത്തുക 6 സ്പീഡ് ഗിയർബോക്സായിരിക്കും. ബിഎസ് 6 നിലവാരത്തിലുള്ള എൻജിൻ ഉപയോഗിക്കുന്ന ബൈക്കിന് കിക് സ്റ്റാർട്ട് ഉണ്ടാകില്ല.

ഒരു കാലത്ത് ഇന്ത്യൻ നിരത്തുകളിലെ രാജാവായിരുന്ന ജാവ ‍ഇന്ത്യയിൽ നിന്നു വിടവാങ്ങിയത് 1996ലാണ്. ഇന്ത്യയിലും കിഴക്കനേഷ്യയിലും ജാവയുടെ പേരിൽ ബൈക്കുകൾ പുറത്തിറക്കാനുള്ള ലൈസൻസ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ് (സിഎൽപിഎൽ) സ്വന്തമാക്കിയതോടെയാണ് ജാവ തിരിച്ചെത്താനുള്ള വഴി തെളിഞ്ഞത്. മഹീന്ദ്രയുടെ മധ്യപ്രദേശ് പ്ലാന്റിൽ നിന്നായിരിക്കും ജാവയുടെ രണ്ടാം വരവ്.