നിത്യഹരിതം ഈ സൗഹൃദം; ‘എണ്‍പതി’ട്ട് തിളങ്ങി മോഹന്‍ലാല്‍; ചിരിപ്പിച്ച് ജയറാം

എൺപതുകളിലെ ഈ സൗഹൃദത്തിന് ഇന്നും ഒളിമങ്ങുന്നില്ല. സൗഹൃദത്തിന് എന്നും ചെറുപ്പമാണെന്ന് വീണ്ടും തെളിയിക്കുകയാണ് ദക്ഷിണേന്ത്യൻ താരങ്ങളുടെ ഒത്തുകൂടൽ വേദി. തിരക്കുകളിൽ നിന്നെല്ലാം ഇടവേളകളെടുത്താണ് സൂപ്പർതാരങ്ങൾ ഒത്തുകൂടിയത്. പാട്ടും നൃത്തുമായി ഒരു കാലഘട്ടത്തിന്റെ ഓർമകൾ പുതുക്കുന്ന ആഘോഷരാവ് ഇത്തവണയും സംഘടിപ്പിച്ചു. 

നവംബർ പത്തിനു ചെന്നൈയിൽ വെച്ചായിരുന്നു ഇവരുടെ ഒൻപതാമത്തെ കൂടിച്ചേരൽ. ഇത്തവണ ഡെനിം വസ്ത്രവും ഡൈമണ്ട്സുമായിരുന്നു തീം. ടി നഗർ ചെന്നൈയിലെ സ്വകാര്യ റിസോർട്ടിൽ ആയിരുന്നു പരിപാടി. എന്നത്തെയുംപോലെ സുഹാസിനിയും ലിസിയുമായിരുന്നു പരിപാടിയുടെ അവതാരകർ. രാജ്കുമാർ സേതുപതി, പൂർണിമ ഭാഗ്യരാജ്, ഖുശ്ബു എന്നിവരും സംഘാടക അംഗങ്ങളായിരുന്നു.

അന്നേ ദിവസം അണിയാനുള്ള ഡെനിം ജീൻസും കുർത്തയും സാരിയും ഒരുക്കിയത് കൂട്ടത്തിലെ നായികമാർ തന്നെ. അവർ തന്നെയായിരുന്നു ഡിസൈനിങും. പങ്കെടുത്ത 12 നായകന്മാരും വെള്ള ഷർട്ടും ജീൻസും അണിഞ്ഞാണ് എത്തിയത്. കൂട്ടത്തിൽ തിളങ്ങി നിന്നത് മോഹൻലാല്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ഷർട്ടിന്റെ പുറകിലും മുമ്പിലും എൺപത് എന്ന അക്കം എഴുതിയിട്ടുണ്ടായിരുന്നു. ഭാര്യ സുചിത്രക്കൊപ്പമുള്ള പോർച്ചുഗല്ലിലെ അവധി ആഘോഷത്തിനു ശേഷം താരം നേരിട്ട് എത്തിയത് റിയൂണിയനിൽ പങ്കെടുക്കാൻ ആയിരുന്നു.

നടി പൂനം ദില്ലൺ റിയൂണിയൻ അംഗങ്ങൾക്കായി പ്രത്യേകം ഡിസൈൻ ചെയ്ത ഫോൺ കവറുകൾ സമ്മാനമായി കൊണ്ടുവരികയുണ്ടായി. അംഗങ്ങളുടെ ഫോട്ടോയും പേരും പതിപ്പിച്ച കവർ ഓരോരുത്തർക്കും നൽകി. 32 അംഗങ്ങളിൽ എട്ടുപേർ മാത്രമാണ് ഷൂട്ടിങ് തിരക്കുകളാൽ വരാതിരുന്നത്. ഹിന്ദിയിൽ നിന്നും ജാക്കി ഷ്റോഫ് ആണ് എത്തിയത്. കമൽഹാസനും രജനീകാന്തും നാഗാർജുനയും ചിരഞ്ജീവിയും ഷൂട്ടിങ് തിരക്കുകൾ കാരണം വിട്ടുനിന്നു.

മോഹന്‍ലാല്‍, ജയറാം, റഹ്മാന്‍, ശരത്, അര്‍ജുന്‍, ജാക്കി ഷ്​റോഫ്, ഭാഗ്യരാജ്, സത്യരാജ്, ലിസി, നാദിയ മൊയ്തു, പൂര്‍ണിമ, മേനക സുരേഷ്, അംബിക, ഖുശ്ബു, ശോഭന തുടങ്ങിയവരാണ് ഇത്തവണത്തെ സംഗമത്തിനെത്തിയത്. ആദ്യമെത്തിയത് നദിയാ മൊയ്തുവാണ്. 

പരിപാടിയുടെ ഇടയിൽ അംഗങ്ങൾക്കായി പ്രത്യേക മത്സരവും വിജയികൾക്ക് സമ്മാനദാനവും നടത്തി. വിജയ് ദേവരക്കൊണ്ടയുടെ ഹിറ്റ് ചിത്രം ഗീതാഗോവിന്ദത്തിന്റെ ഇങ്കെം ഇങ്കെം എന്ന ഗാനമാണ് നടിമാർ നൃത്തത്തിനായി തിരഞ്ഞെടുത്തത്. നടന്മാരായ നരേഷും സത്യരാജും ജയറാമും ശിവാജി ഗണേശൻ, എം.ജി.ആർ. കമൽഹാസൻ എന്നിവരെ അനുകരിച്ചു.

വിശ്വരൂപത്തിലെ കമൽഹാസന്റെ സ്ലോമോഷൻ ആക്​ഷൻ സ്റ്റണ്ട് രംഗം പുനരവതരിപ്പിച്ച് ജയറാം കയ്യടി നേടി. അതിനുശേഷം കേക്ക് കട്ടിങും ഒരുമിച്ച് ഫോട്ടോസെഷനും ഉണ്ടായിരുന്നു. 

റിയൂണിയൻ ക്ലബിൽ ഇപ്പോൾ 32 അംഗങ്ങളാണുള്ളത്. മോഹൻലാൽ, രജനീകാന്ത്, കമൽഹാസൻ, നാഗാർജുന, കാർത്തിക്, ഖുശ്ബു, രേവതി, രാധിക, സുമലത, വെങ്കിടേഷ്, ശരത്കുമാര്‍, അര്‍ജുന്‍, അംബരീഷ് , മോഹന്‍, സുരേഷ്, സുമന്‍, നരേഷ്, ഭാനുചന്ദര്‍, പ്രതാപ് പോത്തന്‍, മുകേഷ്, ശങ്കര്‍, അംബിക, പൂര്‍ണിമ ഭാഗ്യരാജ്, ശോഭന,  രാധ,  നദിയ, രമ്യാകൃഷ്ണന്‍ തുടങ്ങിയ വലിയതാരനിര തന്നെയുണ്ട്.

2009ലാണ് ഇവർ ആദ്യമായി റിയൂണിയൻ സംഘടിപ്പിക്കുന്നത്. ലിസിയും സുഹാസിനി മണിരത്നവുമാണ് ഇതിന്റെ ചുക്കാൻ പിടിച്ചത്. കഴിഞ്ഞ വർഷം ചൈനയിൽ ആയിരുന്നു ഒത്തുചേരൽ.