നവ്യ കാണാനെത്തി; ഒപ്പം പാട്ടുപാടി ജഗതി; പ്രതീക്ഷാനിര്‍ഭരം ഈ വിഡിയോ

ആറുവർഷങ്ങൾക്കു മുന്‍പാണ് മലയാളസിനിമയിലെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് വാഹനാപകടം ഉണ്ടാകുന്നത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും പൂർണ്ണമായി സുഖം പ്രാപിച്ച് വരുന്നതേയുള്ളൂ പ്രിയ താരം. അദ്ദേഹത്തിന്റെ പുരോഗതിയറിയാൻ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ജഗതിയെ ഇഷ്ടപ്പെടുന്ന ഏവർക്കും സന്തോഷം നൽകുന്ന ഒരു വിഡിയോ നവ്യാനായർ പങ്കുവെച്ചിരിക്കുകയാണ്. 

അമ്മയ്ക്കൊപ്പം ജഗതിയെ കാണാൻ എത്തിയതാണ് നവ്യ. എന്നും ഓർത്തുവെയ്ക്കാനുള്ള സുന്ദരനിമിഷം എന്ന അടിക്കുറിപ്പോടെ ജഗതി പാട്ടുപാടുന്ന വിഡിയോ ഇൻസ്റ്റാഗ്രാമിലൂടെ നവ്യ പങ്കുവെച്ചിരിക്കുകയാണ്.  'മാണിക്യവീണയുമായെന്‍ മനസിന്‍റെ' എന്നു തുടങ്ങുന്ന ഗാനം ഇരുവരും ചേര്‍ന്ന് മനോഹരമായി പാടുകയായിരുന്നു. ഇടയ്ക്ക് നവ്യ പാട്ട് നിർത്തുമ്പോൾ ജഗതിശ്രീകുമാർ വരികൾ ഏറ്റ് പിടിക്കുന്നതും വിഡിയോയിൽ കാണാം. സന്ദര്‍ശനത്തിന്‍റെ വിശേഷങ്ങളും ചിത്രവും നവ്യ പങ്കുവെച്ചു.