രോഹിത്തിന്റെ അപേക്ഷയ്ക്ക് കിങ് ഖാന്‍റെ മറുപടി; നർമ്മസംഭാഷണം ഏറ്റെടുത്ത് ആരാധകർ

എത്രയൊക്കെ താരങ്ങൾ വന്നു പോയാലും ബോളിവുഡിന് ഷാരൂഖ് ഖാൻ എന്നും കിങ് ഖാനാണ്. ഷാരൂഖ് ഖാന്റെ സിനിമകളിൽ ആരാധകർ ഏറ്റവും ഇഷ്ടപ്പെടുന്ന സിനിമകളിൽ ബാസിഗർ എന്നും മുന്നിൽ തന്നെയുണ്ടാകുകയും ചെയ്യും. ബാസിഗറിനെ കുറിച്ച്  ട്വിറ്ററിൽ ഷാരുഖ് ഖാനും രോഹിത്തും തമ്മിൽ നടന്ന നർമ്മ സംഭാഷണം ഏറ്റെടുക്കുകയാണ് സമൂഹമാധ്യമങ്ങൾ. 

ഇന്നലെയാണ് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ബാസിഗർ 25 കൊല്ലം പൂർത്തിയാക്കിയത്. വിഡിയോ ട്വീറ്റിലൂടെയാണ് ഷാരൂഖ് തന്റെ സന്തോഷം അറിയച്ചത്. വിഡിയോയുടെ താഴെ ബാസിഗർ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണെന്ന് രോഹിത് എഴുതി. ബാസിഗറിലെ മനോഹരമായ കാലി കാലി ആങ്കേൻ എന്ന ഗാനം രോഹിത്തിനു വേണ്ടി താൻ പെർഫോം ചെയ്യുമെന്നും ആരോഗ്യവനായിരിക്കുവെന്നും ഷാരൂഖ് റീട്വീറ്റ് ചെയ്തു. 

അങ്ങനെയെങ്കിൽ കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡനിൽ തന്നെയാകട്ടെ ഈ പെർഫോമൻസ് എന്നും അങ്ങനെയെങ്കിൽ തന്റെ ഓർമ്മകളുടെ കൂട്ടത്തിൽ ഒരെണ്ണം കൂടിയാകട്ടെ എന്നായിരുന്നു രോഹിത്തിന്റെ മറുപടി. രോഹിത്തിന്റെ ട്വീറ്റിന് താരം മറുപടി നൽകുകയും ചെയ്തു. തന്റെ ഏകദിനത്തിനെ ഏറ്റവും ഉയർന്ന സ്കോറായ 264 റൺസ് 2014 ൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ രോഹിത് നേടിയത് ഈഡൻ ഗാർഡൻസിൽ വച്ചാണ്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ നായകനായ രോഹിത്തിലൂടെ മൂന്നു തവണയാണ് ഐപിഎൽ കിരീടം മുംബൈ നേടിയത്.  . ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുളള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടു തവണയാണ് ഐപിഎല്ലിൽ മുത്തമിട്ടത്.