'കൊലപാതകമാകാം; ചിലര്‍ക്ക് ലിപ് ലോക് പറ്റില്ല; കാപട്യം': തുറന്നടിച്ച് ടൊവിനോ

ലിപ് ലോക് രംഗങ്ങളിൽ നിലപാട് വ്യക്തമാക്കി നടൻ ടൊവിനോ തോമസ്. അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നത് മോശം കാര്യമൊന്നുമല്ല. കപടസദാചാര ബോധമുള്ളവരാണ് വിമർശിക്കുന്നതെന്നും ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ടൊവിനോ തോമസ് തുറന്നടിച്ചു.

'ലിപ് ലോക് രംഗങ്ങളിൽ അഭിനയിക്കുന്നത് മോശം കാര്യമൊന്നുമല്ല. തിരക്കഥയിൽ പ്രാധാന്യമുള്ളതുകൊണ്ടാണ് അത്തരം രംഗങ്ങളിൽ അഭിനയിച്ചത്. ലിപ് ലോക് രംഗങ്ങളില്ലാത്ത ചിത്രങ്ങളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. ചില ആളുകൾക്ക് സിനിമയിലെ എന്റെ പ്രകടനത്തേക്കാളുപരി അത്തരം രംഗങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണിഷ്ടം. 

''വളരെ നന്നായിത്തന്നെയാണ് ആ രംഗങ്ങളിൽ അഭിനയിച്ചിട്ടുള്ളത്. കപടസദാചാരബോധമുള്ളവരാണ് വിമർശിക്കുന്നത്. ഹോളിവുഡിലൊക്കെ അത്തരം രംഗങ്ങളാകാം, പക്ഷേ ഇവിടെ ഇത് പറ്റില്ല എന്ന ആറ്റിറ്റ്യൂഡ്. ഇതേ ആളുകൾ തന്നെയാണ് 'മലയാളസിനിമയിൽ പുതിയ പരീക്ഷണങ്ങൾ വേണം, നമ്മൾ പുരോഗമനപരമായി ചിന്തിക്കുന്നില്ല' എന്നൊക്കെ പറയുന്നതും. 

'ഒരു ബെഡ്റൂം സീനോ, ലിപ് ലോക് രംഗമോ കണ്ടാൽ ഇതേ ആളുകൾ അസ്വസ്ഥരാകുകയും ചെയ്യും. ഇത് നമ്മുടെ സംസ്കാരമല്ലെന്ന് പറയും. കൊലപാതകരംഗമോ, ബലാത്സംഗരംഗമോ അവിഹിതബന്ധമോ ആസ്വദിക്കാം, പക്ഷേ പ്രണയരംഗങ്ങൾ ആസ്വദിക്കുക എന്നത് അവരെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. 

'വ്യത്യസ്തമായ ഏന്ത് ചെയ്താലും ആളുകൾ ചോദ്യം ചെയ്യും. ഒരു സിനിമയെ സിനിമയായി കാണണം. അതിന്റെ ഉള്ളടക്കത്തെയാകണം ആഘോഷിക്കേണ്ടത്. എന്റെ കരിയറിലെ വലിയ ഹിറ്റുകളായ മായാനദിയിലും തീവണ്ടിയിലും ഇത്തരം രംഗങ്ങളുണ്ടായിരുന്നു. എന്നാൽ ഈ രംഗങ്ങളല്ല ആ സിനിമകളെ ഹിറ്റാക്കിയത് എന്നുകൂടി ഓർക്കണം', ടൊവിനോ പറയുന്നു.