മണിരത്നം അനുഭവങ്ങളുടെ കടല്‍‌; വാപ്പിച്ചിക്കൊപ്പം ‘ദളപതി’ സെറ്റില്‍ പോയി: ദുല്‍ഖര്‍

ഇന്ത്യൻ സിനിമയുടെ രണ്ടു ഇതിഹാസങ്ങളൊരുമിച്ചെത്തിയ ചിത്രമായിരുന്നു മണിരത്നത്തിന്റെ ദളപതി. രജനീകാന്തും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ച ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ നാഴികക്കല്ല് കൂടിയാണ്. വർഷങ്ങൾ കഴിഞ്ഞെങ്കിലും ദളപതിയുടെ ലൊക്കേഷനിൽ മമ്മൂട്ടിക്കൊപ്പം പോയ ഒാർമകൾ പങ്കുവയ്ക്കുകയാണ് ദുൽഖർ സൽമാൻ.  

‘അദ്ദേഹത്തിനൊപ്പമുള്ള അനുഭവങ്ങള്‍ അത്ര പ്രിയപ്പെട്ടതാണ്. ദളപതിക്കു ശേഷവും എന്റെ വാപ്പിച്ചിയും മണിരത്‌നം സാറും നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. പല സിനിമകളെക്കുറിച്ചും ചര്‍ച്ച ചെയ്തു. 'ഇരുവര്‍' എന്ന ചിത്രം ചെയ്യുന്ന സമയത്ത് അവര്‍ രണ്ടുപേരും വളരെ അടുത്തു. മണിസാറിനെ എന്റെ വീടിന്റെ പരിസരത്ത് എത്രയോ തവണ ഞാന്‍ കണ്ടിട്ടുണ്ട്. മാത്രമല്ല, ചെന്നൈയിലെ അദ്ദേഹത്തിന്റെ ഓഫീസ് എന്റെ വീടിന്റെ തൊട്ടടുത്താണ്. വര്‍ഷങ്ങള്‍ക്കു ശേഷം മണിരത്‌നത്തിന്റെ സിനിമയില്‍ നിന്നും അവസരം ലഭിച്ചപ്പോള്‍ വല്ലാത്ത ഭയമായിരുന്നു. 

'മണിസാറിനൊപ്പം ഇരിക്കുമ്പോള്‍ ഒന്നുമല്ലെങ്കില്‍ നിങ്ങള്‍ക്കെന്തെങ്കിലും പറയാന്‍ ഉണ്ടാകണം. അദ്ദേഹം പൊതുവെ വളരെയധികം നിശബ്ദനായ ആളാണ്. സംസാരിക്കുകയേ ഇല്ല. ഷോട്ടുകള്‍ക്കിടയിലുള്ള സമയത്ത് ഞാനദ്ദേഹത്തോടൊപ്പം ഇരിക്കുമ്പോള്‍ സ്വയം പറയാറുണ്ട് എന്തെങ്കിലും പറയൂ, ബുദ്ധിപരമായി എന്തെങ്കിലും പറയൂ എന്ന്. പക്ഷെ അവിടെ അത്രമേല്‍ നിശബ്ദമായിരിക്കും,' ദുല്‍ഖര്‍ ഓര്‍ത്തെടുക്കുന്നു.

'ഒരു നടന്‍ എന്ന നിലയില്‍, മണി സാറിന്റെ ചിത്രത്തില്‍ അവസരം ലഭിക്കുക എന്നുവച്ചാല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചതു പോലെയാണ്. അദ്ദേഹം വിളിക്കുന്നതു പോലും ഒരു അംഗീകാരമാണ്. എവിടെയോ നിങ്ങളുടെ വര്‍ക്കുകള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്, അല്ലെങ്കില്‍ നിങ്ങള്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് തോന്നും,' ദുല്‍ഖറിന്‍റെ വാക്കുകള്‍. 

ഹിന്ദി സിനിമാലോകമാണ് തന്‍റെ ജീവിതവുമായി കൂടുതലായും ചേരുന്നതെന്നും ദുൽഖർ പറഞ്ഞു. ‘സത്യസന്ധമായി പറഞാല്‍ എനിക്ക് കൂടുതലായി ഹിന്ദി ഇന്‍ഡസ്ട്രിയുമായാണ് ചേര്‍ച്ച തേന്നുന്നത്. അവിടത്തെ സഹസംവിധായകര്‍, ക്രൂ മെമ്പേഴ്‌സെല്ലാം എന്നെ പോലെയാണ് വളര്‍ന്നിട്ടുള്ളത്. അവര്‍ വളര്‍ന്നത് വലിയ നഗരങ്ങളിലാണ്. അവര്‍ നല്ലവണ്ണം യാത്രചെയ്യുന്നവരാണ്, ഞങ്ങള്‍ കാണുന്ന സിനിമകള്‍, വായിക്കുന്ന പുസ്തകങ്ങളെല്ലാം ഒട്ടുമിക്കതും ഒരുപോലെയുള്ളതാണ്. എന്നാല്‍ ചെറിയ ഇന്‍ഡസ്ട്രിയില്‍ ഇത്രത്തോളം ഇല്ലെങ്കിലും അവരും പുതിയ സാധ്യതകള്‍ തുറന്നിടുന്നു. ഇതാണ് ഞാന്‍ കാണുന്ന വലിയ വ്യത്യാസം.’–ദുല്‍ഖര്‍ പറഞ്ഞു.