പൈശാചികം, തമാശയായി കാണാനാകില്ല; വംശീയാധിക്ഷേപത്തിൽ നൊന്ത് സുഡാനി താരം

സുഡാനി ഫ്രം നൈജീരിയ എന്ന ചലച്ചിത്രത്തിലൂടെ മലയാളിപ്രേക്ഷകര്‍ ഏറ്റെടുത്ത താരമാണ് നൈജീരിയക്കാരനായ സാമുവൽ അബിയോള റോബിൻസൺ. തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്നു പറഞ്ഞുകൊണ്ട് ഇപ്പോൾ സാമുവൽ രംഗത്തെത്തിയിരിക്കുന്നു. ഓഫൻസീവ് മലയാളം െമമെ എന്ന ട്രോൾ പേജിലാണ് ആരോപണത്തിനാസ്പദമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത ചിത്രം ഒരുപാട് പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

സുഡാനി ഫ്രം നൈജീരിയ സിനിമയില്‍ കാലിന് പരുക്കേറ്റ സാമുവലിന്റേയും നായകന്‍ സൗബിന്‍ ഷാഹിറിന്റേയും ചിത്രത്തോടൊപ്പമുള്ള കുറിപ്പ് ഇങ്ങനെ:‘ഒരു മൃഗത്തേയും ചിത്രത്തിന്റെ ഷൂട്ടിങിനിടയില്‍ അപായപ്പെടുത്തിയിട്ടില്ല. പക്ഷെ ഇതിനെ കുറിച്ച് മറന്നിരിക്കുന്നു''. സാമുവലിനെ ‍‌ടാഗ് ചെയ്താണ് പലരും ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. 

താൻ അനുഭവിച്ചതില്‍ ഏറ്റവും പൈശാചികവും സങ്കടകരവുമായി വംശീയാധിക്ഷേപമാണ് ഇതെന്നാണ് സംഭവത്തെക്കുറിച്ച് സാമുവൽ പ്രതികരിച്ചത്. ഇവിടുത്തെ ചില ആളുകൾ തന്നെ മൃഗത്തോട് താരതമ്യം ചെയ്യുന്നത് സങ്കടകരമാണെന്നും ഇതി തമാശയായി കാണാനാകുന്നില്ലെന്നും ആക്രമണമായേ കാണാനാകൂ എന്നും സാമുവൽ ഫെയ്സ്ബുക്കിൽ വിഡിയോയിൽ പറഞ്ഞു.