വിഷാദരോഗത്തിന്റെ പിടിയിലായിരുന്ന സഹോദരിക്ക് ബോളിവുഡ് നടി ആലിയാ ഭട്ടിന്റെ ഹൃദയനിർഭരമായ കത്ത്. 25 വര്‍ഷം ഒപ്പം കഴിഞ്ഞിട്ടും അവളെ തിരിച്ചറിഞ്ഞില്ലല്ലോ എന്ന വേദനയാണ് ആലിയ കത്തിൽ പങ്കുവെയ്ക്കുന്നത്. സഹോദരി ഇത്രയേറെ കഠിന വേദനയിലൂടെ കടന്നു പോയിട്ടും തനിക്കോ വീട്ടുകാര്‍ക്കോ അതി തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ ആലിയ, സഹോദരിയോട് കത്തിലൂടെ മാപ്പ് ചോദിക്കുകയും ചെയ്യുന്നുണ്ട്. ഡിയർ ഷഹീൻ എന്ന പേരിലാണ് നിറകണ്ണുകളോടെ സംസാരിക്കുന്ന വിഡിയോ ആലിയ പുറത്തുവിട്ടത്. ഇരുവരുമൊന്നിച്ചുള്ള കുട്ടിക്കാല മുഹൂർത്തങ്ങളും വിഡിയോയിൽ ഉണ്ട്.
ലോക മാനസികാരോഗ്യദിനത്തില്‍ ആലിയയുടെ സഹോദരി ഷഹീന് ഭട്ട് തന്റെ ആദ്യ നോവലായ 'നെവർ ബീൻ അൺഹാപ്പിയർ' പ്രസിദ്ധീകരിച്ചിരുന്നു. താന്‍ വിഷാദരോഗത്തിൻറെ പിടിയിലായിരുന്നുവെന്നും ഒരുപാട് പ്രയാസം ഉള്ളിലൊതുക്കിയായിരുന്നു ജീവിച്ചിരുന്നതെന്നും പുസ്തകത്തില്‍ ഷഹീന് പറയുന്നുണ്ട്.
നോവൽ വായിച്ചപ്പോളാണ് ഷഹീന് കടന്നുപോയ മാനസിക സംഘര്‍ഷത്തിന്റെ തീവ്രത മനസിലായതെന്നും, തങ്ങള്‍ ഷഹീനെ സ്നേഹിച്ചിരുന്നെങ്കിലും അവളെ മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞാണ് ആലിയ മാപ്പു ചോദിക്കുന്നത്. നിനക്കൊരു കത്തെഴുതാൻ ഞാനിപ്പോൾ കഷ്ടപ്പെടുകയാണ് ഷഹീൻ എന്നും ഒരുവിധത്തിലാണ് ആ നോവൽ വായിച്ചുതീർത്തതെന്നും ആലിയ പറയുന്നു.