അന്നത്തെ കായംകുളം കൊച്ചുണ്ണി; പുതിയ കൊച്ചുണ്ണിക്കാലത്ത് ഒരോർമ്മ

പഴയ കായംകുളം കൊച്ചുണ്ണിയുടെ സ്മരണകളിൽ ഒരു പാലാക്കാരി. നിവിൻ പോളി നായകനായും മോഹൻലാൽ അതിഥി താരവുമായി എത്തുന്ന കായംകുളം കൊച്ചുണ്ണി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ 1965-ൽ സത്യൻ നായകനായി പുറത്തിറങ്ങിയ പഴയ കായംകുളം കൊച്ചുണ്ണിയുടെ സ്മരണകളിലാണ് ചക്കാമ്പുഴ മുഞ്ഞനാട്ട് റിട്ട. പ്രഫ. ജസിയമ്മ. 15-ാം വയസ്സിൽ പഴയ കായംകുളം കൊച്ചുണ്ണിയിൽ ജസിയമ്മ ശ്രദ്ധേയമായ വേഷമാണ് അവതരിപ്പിച്ചിരുന്നത്. 

തോമസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ പി.എ. തോമസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന ചിത്രം അന്ന് വിജയമായിരുന്നു. ചിത്രത്തിൽ ഒരു നായർ തറവാട്ടിലെ പെൺകുട്ടിയായാണ് ജസിയമ്മ അഭിനയിച്ചത്. വേളി ചെയ്യാൻ എത്തുന്ന വയസ്സൻ നമ്പൂതിരിയിൽ നിന്ന് രക്ഷ നേടാൻ കായംകുളം കൊച്ചുണ്ണിയോട് സഹായം അഭ്യർഥിക്കുന്നതും കായംകുളം കൊച്ചുണ്ണി രക്ഷയ്ക്കായി എത്തുന്നതുമായിരുന്നു കഥാ സന്ദർഭം. 

ജസി പാലാ എന്നാണ് സിനിമയുടെ ടൈറ്റിലിൽ ഇവരുടെ പേര് ചേർത്തിരുന്നത്. പ്രശസ്ത ഭരതനാട്യ ഗുരു എസ്.കെ. രാജരത്‌നം പിള്ളയുടെ കീഴിൽ ചെന്നൈയിൽ ഭരതനാട്യം അഭ്യസിക്കുന്ന കാലത്താണ് പാലാ മുണ്ടനോലിക്കൽ കുടുംബാംഗമായ ജസിയമ്മ നദി, ആരോമലുണ്ണി, ഗായത്രി തുടങ്ങി പത്തോളം സിനിമകളിൽ വേഷമിടുന്നത്. 

പിന്നീട് സിനിമാരംഗം ഉപേക്ഷിച്ച ജസിയമ്മ ഉപരി പഠനത്തിനുശേഷം അൽഫോൻസാ കോളജിൽ അധ്യാപികയായി. ഇതിനിടെ അഞ്ച് വർഷം കരൂർ പഞ്ചായത്ത് മെംബറായും സേവനം ചെയ്തു. കൊച്ചിൻ കപ്പൽശാല മുൻ ജീവനക്കാരൻ ചക്കാമ്പുഴ മുഞ്ഞനാട്ട് ജോയ് ജോസഫിന്റെ ഭാര്യയാണ് ജസിയമ്മ.