വെള്ളിത്തിരയിലെ മണിയുടെ മരണവും വിവാദത്തിലേക്ക്; വിനയന് പറയാനുള്ളത് ഇതാ

കലാഭവൻമണിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ഒഴിയുന്നില്ല. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയുടെ ക്ലൈമാക്സിലെ വിവാദ രംഗങ്ങൾ കണക്കിലെടുത്ത് സംവിധായകൻ വിനയന്റെ മൊഴിയോടുക്കാനൊരുങ്ങുകയാണ് സിബിഐ. പുതിയ സംഭവവികാസങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകൻ വിനയൻ.

സിനിമയുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ അന്വേഷണത്തിൽ എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് ഞാൻ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ കാണിച്ചത്. പിന്നെ സിനിനമയ്ക്ക് വേണ്ടതായ ചിലകാര്യങ്ങളും ചേർത്തിട്ടുണ്ട്. മണിയുടെ മരണം കൊലപാതകമായാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. അതാണ് സിബിഐക്ക് സംശയമുണ്ടാക്കിയിരിക്കുന്നത്. എനിക്കറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തണമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ബുധനാഴ്ച സിബിഐക്കുമുമ്പിൽ ഹാജരാകും.

താൻശക്തനാണെന്നും പെട്ടെന്ന് മരിക്കില്ലെന്നും അല്ലെങ്കിൽ ആരെങ്കിലും കൊല്ലണമെന്നും സിനിമയിൽ മണി പറയുന്നരംഗമുണ്ട്. അതേതുടർന്നുണ്ടാകുന്ന മണിയുടെ മരണവും വ്യക്തമായി സിനിമയിൽ കാണിക്കുന്നുണ്ട്. മണിയുടെ മരണം കാണിക്കേണ്ടത് അനിവാര്യമായിരുന്നു. ദുരൂഹമായി സിനിമ അവസാനിപ്പിക്കാൻ കഴിയില്ല. ക്ലൈമാക്സ് തിരക്കഥാകൃത്തിന്റെ വ്യാഖ്യാനമാണ്.

മണിയുടെ ആദ്യകാലം മുതൽ മരണം വരെയുള്ള സംഭവങ്ങൾ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. കരിയറിൽ മണിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ പരാമർശിക്കുന്ന ചിത്രത്തിലെ പല സംഭാഷണങ്ങളും വലിയ ചർച്ചയായിരുന്നു. രാജാമണിയാണ് സിനിമയിൽ കലാഭവൻമണിയുടെ വേഷം ചെയ്തിരിക്കുന്നത്. സിനിമ കണ്ട് എല്ലാവരും നിറകണ്ണുകളോടെയാണ് പുറത്തിറങ്ങുന്നത്. 

ഒരു സിനിമയുടെ തിരക്കഥ സത്യസന്ധമാണെന്നു തോന്നിപ്പിക്കുക എന്നത് ഒരു കലാകാരന്റെ കഴിവാണ്, സിനിമ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്, വിനയൻ മനോരമന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.