മംഗലശ്ശേരി നീലകണ്ഠനായി പുതുതലമുറയില്‍ ആര്..? രഞ്ജിത്ത് നല്‍കിയ മറുപടി: വിഡിയോ

മലയാളത്തിന്റെ പ്രിയ ദേവാസുരം 25 വര്‍ഷം പിന്നിടുമ്പോള്‍ ആ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത്. 25 വർഷം മുൻപ് പിറന്ന ഒരു കഥ എങ്ങനെയാണ് ദേവാസുരം എന്ന മലയാള സിനിമയിലെ നാഴികക്കല്ലുകളിലൊന്നായി മാറിയത്? മംഗലശേരി നീലകണ്ഠൻ ആരായിരുന്നു? അങ്ങനെ അനുഭവങ്ങളുടെ ആ ഒാർത്തെടുക്കലിൽ അപ്രതീക്ഷിതമായി എത്തിയ ഒരു ചോദ്യം. ആ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയും ചര്‍ച്ചയാകുകയാണ്. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത് ‘ദേവാസുരകാലം’ എന്ന പരിപാടിയിലാണ് രഞ്ജിത്ത് മനസ്സ് തുറക്കുന്നത്. 

ദേവനും അസുരനും ഒരുമിച്ചെത്തിയ മംഗലശേരി നീലകണ്ഠൻ എന്ന മാടമ്പി കഥാപാത്രം ചെയ്യാൻ പുതുതലമുറയിലെ ആർക്കാണ് സാധിക്കുക. നർത്തകിയും അഭിനേത്രിയും ദേവാസുരത്തിന് പ്രചോദനമായ മുല്ലശ്ശേരി രാജുവിന്‍റെ പേരമകളുമായ നിരഞ്ജനയുടെ ആ ചോദ്യത്തിന് രഞ്ജിത്തിന്റെ മറുപടി ഇങ്ങനെ. ‘ ഇൗ ചോദ്യത്തിന് ഒരു ഉത്തരം എന്റെ കയ്യിലില്ല. ഇൗ ചോദ്യത്തിന് ഒരു ഉത്തരത്തെ കുറിച്ച് ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ല. അതൊരിക്കലും ഇൗ തലമുറയിലെ താരങ്ങൾക്ക് കഴിവ് കുറവുണ്ടായത് കൊണ്ടല്ല. പക്ഷേ മംഗലശേരി നീലകണ്ഠൻ എന്ന പേരിന് ഒരു മുഖമേ യോജിക്കൂ. അത് മോഹൻലാലിന്റെയാണ്. അതുമാത്രമല്ല ദേവാസുരം ഇൗ കാലഘട്ടത്തിന്റെ ചിത്രമല്ല. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ– രഞ്ജിത്ത് പറയുന്നു.

കോഴിക്കോട് സ്വദേശിയായ മുല്ലശ്ശേരി രാജുവിന്റെയും പത്നി ലക്ഷ്മി രാജഗോപാലിന്റെയും പ്രണയത്തെ ആസ്പദമാക്കി എഴുതിത്തുടങ്ങിയ സിനിമയാണ് ദേവാസുരം. എന്നാൽ അതിലേക്ക് കച്ചവടസിനിമയ്ക്കാവശ്യമായ ചേരുവകൾ കൂടി ചേർത്തപ്പോൾ സിനിമ ചരിത്രവിജയമായി.  മുല്ലശ്ശേരി രാജുവിന്റെ കൊച്ചു മകളും അഭിനേത്രിയുമായ നിരഞ്ജനയാണ് തന്റെ മുത്തശ്ശനേയും മുത്തശ്ശിയേയും കുറിച്ചുള്ള സിനിമ ഉരുത്തിരിഞ്ഞു വന്നതിന്റെ വഴികളെക്കുറിച്ച് രഞ്ജിത്തിനോട് സംസാരിച്ചത്. വിഡിയോ കാണാം.