കാജോളിന്‍റെ നമ്പര്‍ പരസ്യമാക്കി അജയ് ദേവ്ഗണ്‍; പിന്നാലെ സംഭവിച്ചത്

താരങ്ങൾ പൊതുവേ തങ്ങളുടെ ഫോൺനമ്പറുകളൊന്നും പുറത്തു നൽകാറില്ല. ആരാധകരുടെ ശല്യമാണ് പ്രധാനകാരണം. സമൂഹമാധ്യമങ്ങളിൽ വരെ ചിലപ്പോൾ താരസുന്ദരികൾക്ക് ആക്രമണം നേരിടേണ്ടി വരാറുണ്ട്. അപ്പോൾ ഫോൺ നമ്പർ കിട്ടിയാലുള്ള കാര്യം പറയണോ? എന്നാൽ, ബോളിവുഡ് താരം കജോളിന്റെ വാട്സാപ്പ് നമ്പർ വെളിപ്പെടുത്തി ഭർത്താവും നടനുമായ അജയ് ദേവ്ഗൺ.

ട്വിറ്ററിലായിരുന്നു അജയ് ദേവ്ഗൺ ഫോണ്‍ നമ്പർ വെളിപ്പെടുത്തിയത്. കജോൾ ഇന്ത്യയിലില്ല, വാട്സാപ്പ് നമ്പറിൽ കോ-ഓർഡിനേറ്റ് ചെയ്യുക എന്നായിരുന്നു നമ്പർ സഹിതമുള്ള ട്വീറ്റ്. എന്നാൽ നമ്പർ വ്യാജമായിരുന്നു.

നമ്പർ കിട്ടേണ്ട താമസം ഫോണിലേയ്ക്ക് സന്ദേശങ്ങളുടെ പെരുമഴയായിരുന്നു. ഭാര്യയുടെ ഫോൺ നമ്പർ പരസ്യപ്പെടുത്തരുതെന്നും ഫോൺ സ്വിച്ച് ഓഫ് ചെയ്യൂ എന്നും ചിലരുടെ കമന്റ്.  ഞാൻ മറുപടിക്ക് കാത്തിരിക്കുകയാണെന്ന് സ്ക്രീൻഷോട്ട് സഹിതം ചിലർ. 

അവസാനം അജയ് ദേവ്ഗൺ തന്നെ സംഗതിയുടെ സത്യം വെളിപ്പെടുത്തി. ഷൂട്ടിങ്ങിനിടെയിൽ പറ്റിക്കുക സമയം പോകുന്ന കാര്യമാണെന്നും അതുകൊണ്ടാണ് നിങ്ങളെ ഇവിടേയ്ക്ക് കൊണ്ടുവന്നതെന്നും അജയ് ദേവ്ഗൺ ട്വീറ്റ് ചെയ്തു. കജോളിന്റേതെന്നു പറഞ്ഞ് ട്വീറ്റ് ചെയ്ത നമ്പറും വ്യാജമായിരുന്നു.