‘രണം’ പരാജയമെന്ന് പറഞ്ഞ പൃഥ്വിയെ കൊട്ടി റഹ്മാൻ; ‘തള്ളിപ്പറഞ്ഞത് അനുജനെങ്കിലും നോവും’

താന്‍ നായകനായെത്തിയ രണം വിജയിച്ചില്ലെന്ന പൃഥ്വിരാജിന്റെ പരസ്യ പ്രസ്താവനയ്ക്കെതിരെ ചിത്രത്തില്‍ ശ്രദ്ധേയവേഷം ചെയ്ത നടൻ റഹ്മാൻ രംഗത്ത്. രണത്തിന് മുന്‍പ് പ്രദർശനത്തിനെത്തിയ കൂടെയുടെ വിജയാഘോഷ പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് പൃഥ്വിരാജ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. ‘പൃഥ്വിയുടെ കൂടെ' എന്ന് പേരിട്ടിരുന്ന പരിപാടിയില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൃഥ്വിരാജ്. 

സിനിമകളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചായിരുന്നു ചോദ്യം. 'കൂടെ പോലെ ചില സിനിമകള്‍ വിജയമാകും. എന്നാൽ രണം പോലെ ചില സിനിമകള്‍ വിജയിക്കില്ല.  ഇതറിഞ്ഞുകൊണ്ടാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നതെന്നും അതല്ലെങ്കില്‍ കുറേക്കാലം കഴിയുമ്പോള്‍ അത്തരം പരീക്ഷണങ്ങള്‍ നടത്തിയില്ലല്ലോ എന്നോര്‍ത്ത് തനിക്ക് സങ്കടം തോന്നുമെന്നും പൃഥ്വി പറഞ്ഞു. ഈ പരാമര്‍ശം സാമൂഹിക മാധ്യമത്തിൽ നിരവധി വിമർശനങ്ങൾ നേരിട്ടു.  ഇത് റഹ്മാനെയും പ്രകോപിപ്പിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് തന്റെ നീരസം റഹ്മാൻ പരോക്ഷമായി വ്യക്തമാക്കുന്നത്. മോഹന്‍ലാലിന്റെ 1986 ചിത്രം രാജാവിന്റെ മകനിലെ ഹിറ്റ് ഡയലോഗിനെ കൂട്ടുപിടിച്ചാണ് റഹ്മാന്റെ പ്രതികരണം. രണത്തിന്റെ പോസ്റ്ററിനൊപ്പമാണ് ഈ കുറിപ്പ്.  ചിത്രത്തില്‍ പൃഥ്വിക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെയാണ് റഹ്മാൻ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രം പ്രേക്ഷകപ്രശം നേടുകയും ചെയ്തു. 

റഹ്മാന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരിക്കൽ രാജുമോൻ എന്നോടു ചോദിച്ചു, അങ്കിളിന്റെ അച്ഛനാരാണെന്ന്. ഞാൻ പറഞ്ഞു, ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലുമെല്ലാമുള്ള ഒരു രാജാവ്. 

ആ രാജാവിന്റെ മകനാണ് ഞാൻ. എനിക്കുള്ള സകലതും എനിക്കു തന്ന സിനിമയെന്ന രാജാവിന്റെ മകൻ. അന്നും ഇന്നും.

ദാമോദർ ഡിട്രോയ്റ്റിലെ രാജകുമാരനായിരുന്നു. ആദി. അയാൾക്കു സ്വന്തം അനുജനെപ്പോലെയായിരുന്നു. പക്ഷേ, ഒടുവിൽ ആ അനുജന്റെ കുത്തേറ്റു തന്നെ ദാമോദർ വീണു. 

അതുകണ്ട് കാണികൾ കയ്യടിക്കുകയും കരയുകയുമൊക്കെ ചെയ്തതുകൊണ്ടാണ് ‘രണ’മെന്ന രാജാവ് യുദ്ധം ജയിച്ചത്. അതുകൊണ്ടാണ് സിനിമയെന്ന മഹാരാജാവ് എപ്പോഴും വിജയിച്ചു തന്നെ നിൽക്കുന്നത്.

അങ്ങനെയുള്ള രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാൽ. അതെന്റെ കുഞ്ഞനുജനാണെങ്കിൽ കൂടി, എന്റെ ഉള്ളു നോവും... കുത്തേറ്റവനെ പോലെ ഞാൻ പിടയും.