ചേന്ദമംഗലം കൈത്തറിക്കായി ഒന്നിച്ച് സിനിമാലോകം; സഹായം അഭ്യർഥിച്ച് ജാൻവിയും

പ്രളയത്തിൽ നശിച്ച എറണാകുളം പറവൂരിനടുത്തെ ചേന്ദമംഗലം കൈത്തറി വ്യവസായത്തിന് സഹായം അഭ്യർഥിച്ച് സിനിമാ താരങ്ങൾ രംഗത്ത്. പൂർണമായും നശിച്ച കൈത്തറി വ്യവസായം ജീവനക്കാരെയും ദുരിതത്തിലാക്കി. ചേന്ദമംഗലം കൈത്തറിക്ക് പഴയ പ്രതാപം തിരിച്ചുപിടിക്കാൻ സഹായം അഭ്യർഥിക്കുകയാണ് സെലിബ്രിറ്റികൾ.

ഇതിനായി 'സേവ് ദ ലൂം' എന്നൊരു സോഷ്യൽ മീഡിയ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പാർവതി, പ്രിയ പി.വാര്യർ, കാളിദാസ് തുടങ്ങിയവർ ക്യാമ്പയിനെ അനുകൂലിച്ച് രംഗത്തെത്തി. ബോളിവുഡ് താരം ശ്രീദേവിയുടെ മകളും നടിയുമായ ജാൻവി കപൂറും സേവ് ദ ലൂം ക്യാമ്പയിനിൽ പങ്കെടുത്തു. എല്ലാവരും പ്ലക്കാർഡ് പിടിച്ചുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് ക്യാമ്പയിനിൽ പങ്കാളികളായിരിക്കുന്നത്. 

ഈ ആശയം മുന്നോട്ട് വച്ചിരിക്കുന്നത് ചലച്ചിത്ര താരവും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തും സംഘവുമാണ്. ചേന്ദമംഗലത്തെ കൈത്തറി മേഖലകൾ സന്ദർശിച്ച ഇവർ തൊഴിലാളികളുമായി സംസാരിച്ചു.പുതിയ ഡിസൈനുകളില്‍ വസ്ത്രം നെയ്തെടുക്കാന്‍ ഇവരെ പരിശീലിപ്പിക്കുകയാണ് ആദ്യപടി. അതിനായി ഇരുപത്തിയഞ്ച് ഡിസൈനര്‍മാര്‍ കേരളത്തിലെത്തും. രാജ്യാന്തരതലത്തില്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഉണ്ടാക്കിയെടുക്കുക, അതുവഴി തകര്‍ന്ന പ്രളയം തകര്‍ത്ത കൈത്തറിമേഖലക്ക് തിരിച്ചുവരവിന് വഴിയൊരുക്കുക എന്നതാണ് സേവ് ദ ലൂമിന്റെ ലക്ഷ്യം.