ആലിയയുടെ ചേച്ചി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു; കഠിന നാളുകളെപ്പറ്റി മഹേഷ് ഭട്ട്

ബോളിവുഡിൽ വിജയക്കൊടി നാട്ടിയ സംവിധായകനും നിർമാതാവുമാണ് മഹേഷ് ഭട്ട്. മകൾ ആലിയ സിനിമാനടിയെന്ന നിലയിൽ രാജ്യത്തിനാകെ പ്രിയപ്പെട്ട താരവുമായിക്കഴിഞ്ഞു. സുഖപ്രദമായ ജീവിതത്തിനിടയിലും കയ്പേറിയ അനുഭവങ്ങൾ തുറന്നു പറയുകയാണ് മഹേഷ് ഭട്ട്. തന്റെ മൂത്തമകൾ ഷഹീൻ ഭട്ട് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും പതിമൂന്നാം വയസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും മഹേഷ് ഭട്ട് വെളിപ്പെടുത്തി.

തന്റെ പുതിയ ചിത്രമായ ഡാർക്ക് സൈഡ് ഓഫ് ലൈഫ്, മുംബൈ സിറ്റിയുടെ ട്രെയിലർ ലോഞ്ചിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഭട്ട്. വോഗ് മാസികയിൽ എഴുതിയ ലേഖനത്തിലും മഹേഷ് ഇതേകുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ആത്മഹത്യ ചെയ്ത നടി ജിയാഖാനെ കുറിച്ച് പരമാർശിക്കുന്ന ഭാഗത്താണ് മഹേഷ് ഭട്ടിന്റെ തുറന്നുപറച്ചിൽ.

ആലിയയുടെ മൂത്തസഹോദരി പതിനാറാമത്തെ വയസിലാണ് ക്ലിനിക്കൽ ഡിപ്രഷന് അടിമയാണെന്ന് ഞങ്ങൾ അറിയുന്നത്. പന്ത്രണ്ട്– പതിമൂന്ന് വയസ് ഉളളപ്പോൾ ഞങ്ങളുടെ വീട്ടിൽ അവൾ പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആ ദിനങ്ങൾ കഠിനമായിരുന്നു. ഒരു അച്ഛനെന്ന നിലയിൽ അത്തരമൊരു അവസ്ഥയെ തരണം ചെയ്യുകയെന്നതും ശ്രമകരമായിരുന്നു. അവൾ കടന്നു പോയ അതികഠിനമായ അവസ്ഥകളെ കുറിച്ചുളള പുസ്തകം ഒക്ടോബർ പ്രകാശനം ചെയ്യാൻ ഒരുങ്ങുകയാണെന്നും മഹേഷ് ഭട്ട് പറഞ്ഞു. ജിയാഖാൻ നല്ല സിനിമകൾ എന്തെങ്കിലുമുണ്ടോയെന്ന് എന്നോട് ആരാഞ്ഞിരുന്നു. അവരെ വെറും കയ്യോടെ പറഞ്ഞയ്ക്കാനേ നിർവാഹമുണ്ടായിരുന്നുളളൂ. അവരോടൊപ്പം ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും നടന്നില്ല. അവർ ആത്മഹത്യ ചെയ്തതിനു ശേഷം അവരുടെ വീട് സന്ദർശിച്ചത് കരൾ പറിയുന്ന വേദനയോട് കൂടിയായിരുന്നു– മഹേഷ് ഭട്ട് പറഞ്ഞു.

മാനസിക ആരോഗ്യത്തെ കുറിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കുന്നതിൽ നമുക്കെല്ലാം പങ്കുണ്ട്. വിഷാദരോഗത്തെ കുറിച്ചും രാജ്യത്ത് വർധിച്ചു വരുന്ന ആത്മഹത്യകളെ കുറിച്ചും സംസാരിക്കുന്നതിനിടെയാണ് മഹേഷ് ഭട്ടിന്റെ തുറന്നുപറച്ചിൽ. ഇന്നത്തെ സമൂഹം നേരിടുന്ന ഏകാന്തത, മാനസിക ആരോഗ്യം എന്നിവയെക്കുറിച്ചാണ് മഹേഷ് ഭട്ടിന്റെ പുതിയ ചിത്രമായ ദി ഡാർക്ക് സൈഡ് ഓഫ് ലൈഫ്: മുംബൈ സിറ്റി പറയുന്നത്.