മണിച്ചേട്ടന്റെ ആ സീൻ കണ്ടപ്പോൾ ചങ്ക് തകർന്നുപോയി; കണ്ണീർക്കുറിപ്പുമായി സഹോദരൻ

കലാഭവൻ മണിയുടെ ജീവിതകഥ ആസ്പദമാക്കി സംവിധായകൻ വിനയൻ ഒരുക്കുന്ന ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതിയിൽ ഭാഗമാകാൻ കഴിഞ്ഞതിന്റെ അനുഭവം പങ്കുവച്ച് സഹോദരനും നർത്തകനുമായ ആർ.എൽ.വി.രാമകൃഷ്ണന്‍. ചിത്രത്തിൽ മണിയുടെ പ്രശസ്തമായ 'ചാലക്കുടി ചന്തയ്ക്കുപോയപ്പോൾ' എന്നു തുടങ്ങുന്ന നാടൻ പാട്ട് പാടിയിരിക്കുന്നത് രാമകൃഷ്ണനാണ്. പാട്ട് പാടിയതും ചിത്രീകരണത്തിൽ പങ്കാളിയായതുമൊക്കെ ചേർന്ന കണ്ണീർക്കുറിപ്പാണ് രാമകൃഷ്ണന്റേത്. ലൊക്കേഷനിൽ വിനയനും മണിയായി വേഷമിടുന്ന  രാജാമണിക്കുമൊപ്പമുള്ള ചിത്രവും ഒപ്പമുണ്ട്. സിനിമയുടെ ലൊക്കേഷനിൽ എത്തിയപ്പോൾ എടുത്ത ഫോട്ടോ വിനയൻ സർ ഇന്ന് അയച്ചു തന്നതാണ് എന്ന് തുടങ്ങുന്ന കുറിപ്പാണ് രാമകൃഷ്ണന്റേത്.

പലരും തന്നോട് ചോദിച്ചിരുന്നു വിനയൻ സാർ പടത്തിലേക്ക് വിളിച്ചില്ലേ എന്ന്. ഈ ചിത്രത്തിൽ തന്റെ വേഷം ചെയ്യാൻ വിനയൻ സാർ  ക്ഷണിച്ചിരുന്നു. പക്ഷെ ഞങ്ങൾ ജീവിച്ച ജീവിതത്തിൽ ഇനി അഭിനയിക്കാൻ വയ്യ എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നുവെന്ന് രാമകൃഷ്ണൻ പറയുന്നു.

കലാഭവൻ മണി പാടിയ ചാലക്കുടി ചന്തയ്ക്ക് പോയപ്പോൾ എന്ന പാട്ട് പഴയ റെക്കോഡിങ്ങ് ആയതിനാൽ അതിന്റെ പുതിയ റീമിക്സ് പാടാന്‍ വിനയൻ രാമകൃഷ്ണനെ ഏൽപ്പിക്കുകയായിരുന്നു. വളരെ പേടിയോടെയാണ് താൻ ആ ദൗത്യം ഏറ്റെടുത്തത്. വിനയൻ തന്ന ധൈര്യത്തിലാണ് പാട്ട് പാടിയതെന്നും രാമകൃഷ്ണൻ പറയുന്നു. ‍എന്റെ സഹോദരന്റെ ഗുരു അങ്ങനെ എനിക്കും ഗുരുവായി. വിനയൻ സാർ 'കുട്ടി' എന്ന് വിളിക്കുമ്പോൾ നമ്മുടെ എല്ലാ വിഷമവും പോകും. ചേട്ടന്റെ വിയോഗശേഷം ഒരു കുടുംബാഗം എന്ന പോലെ സാർ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ട്.

ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ഡബ്ബിങ്ങ് സമയത്ത് സാർ വിളിച്ചു കുട്ടി,  നീയൊന്ന് എറണാകുളത്തേക്ക് വരണം. ഞാൻ കാര്യം അറിയാതെ എറണാകുളത്തേക്ക് ചെന്നു. അവിടെ ചെന്ന് ഒരു സീൻ കാണിച്ചു തന്നിട്ട് പറഞ്ഞു ചേട്ടൻ പാടിയ "മേലേ പടിഞ്ഞാറു സൂര്യൻ " എന്ന പാട്ടിന്റെ ഒരു വരി പാടണമെന്ന്. ആ സീൻ കണ്ടപ്പോൾ എന്റെ ചങ്ക് തകർന്ന് പോയി. പാടി മുഴുപ്പിക്കാതെ, തൊണ്ടയിടറി റെക്കോഡിങ് സ്യൂട്ടിൽ നിന്ന് പുറത്ത് വന്ന് പൊട്ടി കരഞ്ഞു.വിനയൻ സാർ വന്ന് കെട്ടി പിടിച്ച് സമാധാനിപ്പിച്ചു. രാമകൃഷ്ണൻ പങ്കുവയ്ക്കുന്നു. 

ഈ ചിത്രം തിയറ്ററിൽ വരുമ്പോൾ ഞങ്ങൾക്ക് അതു കാണാനുള്ള ചങ്കുറപ്പില്ല .എങ്കിലും ഒരു ഗുരു ശിഷ്യന് നൽകുന്ന ആദരവ് ചരിത്രത്തിന്റെ ഭാഗമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇതും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. മണിയെ സ്നേഹിക്കുന്ന ഓരോ മലയാളിയുടെയും കണ്ണു നനയിക്കും ഈ കുറിപ്പ്. രാമകൃഷ്ണന്റെ ഈ പോസ്റ്റിന് താഴെ സ്നേഹത്തിൽ ചാലിച്ച നിരവധി കമന്റുകളാണ് ലഭിക്കുന്നത്. മലയാളികൾ ഉള്ളിടത്തോളം കാലം കലാഭവൻ മണിയുടെ ഓർമകൾക്ക് മരണമില്ല എന്നാണ് പലരും കുറിക്കുന്നത്.

ആര്‍എല്‍വി രാമകൃഷ്ണന്‍റെ കുറിപ്പ് തന്‍റെ കണ്ണുനിറച്ചെന്ന് വിനയനും ഫെയ്സ്ബുക്കില്‍ കുറിച്ചു.