തീവണ്ടി കണ്ട് കാമുകൻ പുകവലി നിർത്തിയെന്ന് പ്രേക്ഷക; ടൊവീനോയ്ക്ക് സന്തോഷം

ടൊവീനോ തോമസും പുതുമുഖം സംയുക്ത മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം തീവണ്ടി ഇന്ന് പുറത്തിറങ്ങി. ഒരുപാട് നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ഇന്ന് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഇതിനകം ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആക്ഷേപ ഹാസ്യ രൂപത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് പറയുന്നത്. തീവണ്ടി കണ്ട് താൻ പുകവലി നിർത്തിയെന്ന് പറഞ്ഞ് നിരവധിപേരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ചിത്രം കണ്ട് തന്റെ കാമുകന്‍ പുകവലി നിര്‍ത്താമെന്ന് സമ്മതിച്ചുവെന്ന് പറഞ്ഞ് ഒരാളും രംഗത്തെത്തി. 

'എല്ലാ ചിത്രത്തിലും പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് എഴുതി കാണിക്കാറുണ്ട്. ഈ ചിത്രം അത് കാണിച്ചു തന്നു. അതിന്റെ ഗുണം വേറെ തന്നെയാണ്. ഒരുപാട് സ്നേഹം സഹോദരാ. നല്ലതിനായൊരു ചിത്രം' എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.  'ഇതുവരെ ആരം പറഞ്ഞിട്ട് കേട്ടില്ല. ഇപ്പോൾ അതും തീരുമാനമായി', ' വായിൽ കുത്തിക്കേറ്റിയാലും ഞാൻ ഇനി വലിക്കില്ല', 'ഞാൻ അടക്കം കുറേയെണ്ണം നന്നാവും അതുറപ്പാ'.. എന്നിങ്ങനെ നീളുന്നു പ്രതികരണങ്ങൾ. തനിക്ക് ലഭിച്ച പ്രതികരണങ്ങൾക്കെല്ലാം ടൊവിനോ നന്ദി അറിയിച്ചു. ഇതിന്‍റെ സ്ക്രീൻ ഷോട്ടും താരം പങ്കുവച്ചു. സന്തോഷം സ്നേഹം എന്ന് പറഞ്ഞാണ് ടൊവീനോ ഇത് പങ്കുവച്ചത്. 

നവാഗതനായ ഫെല്ലിനി ടി.പിയാണ് ചിത്രത്തിന്റെ സംവിധായകൻ.ഓഗസ്റ്റ് 24ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കേരളത്തിലെ മഴക്കെടുതി മൂലം മാറ്റിവയ്ക്കുകയായിരുന്നു. ഒന്നിലേറെ തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരുന്നു. എന്നാല്‍ തീവണ്ടിയുടെ ഗാനങ്ങള്‍ നേരത്തേ റിലീസ് ചെയ്തിരുന്നു. കൈലാസ് മേനോന്‍ സംഗീതം നല്‍കിയ പാട്ടുകൾ പ്രേക്ഷപ പ്രീതി പിടിച്ചു പറ്റിയിരുന്നു. വിനി വിശ്വലാലാണ് തീവണ്ടിയ്ക്കു വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്.