ആരാധകനടുവിൽ ലാൽ ഭാവങ്ങൾ; ത്രസിപ്പിക്കും ഇൗ ലൂസിഫർ വിഡിയോ; മാസ്

ആ നോട്ടവും ചിരിയും നടത്തവും മലയാളിയെ കൊതിപ്പിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ഇപ്പോഴിതാ മലയാളിക്ക് ലാലേട്ടൻ ഇഷ്ടം കൂട്ടുന്ന വിഡിയോ വൈറലാകുന്നു. സോഷ്യൽ ലോകത്ത് കുറച്ച് ദിവസങ്ങളായി ഒട്ടേറ തവണ പങ്കുവയ്ക്കുകയാണ് ഇൗ വിഡിയോ. മോഹൻലാൽ ആരാധകർ മാത്രമല്ല എല്ലാവരും ഒന്നടങ്കം ഇഷ്ടപ്പെട്ടുപോകുന്ന മാസ് ലുക്കിലാണ് മോഹൻലാൽ. ലൂസിഫർ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് വിഡിയോയിൽ. 

പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭത്തിൽ മോഹൻലാൽ നായകനായി അഭിനയിക്കുന്ന ലൂസിഫറിന്റെ  പ്രധാനരംഗങ്ങൾ ചന്ദ്ര​ശേഖരൻ നായർ സ്റ്റേഡിയത്തിനു സമീപം ഓവർബ്രിജിൽ ചിത്രീകരിച്ചിരുന്നു. ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളും മോഹൻലാലും പങ്കെടുത്ത രംഗങ്ങളാണു ചിത്രീകരിച്ചത്. വലിയ സമരം നടക്കുന്നതിനിടയിലേക്കു തന്റെ കറുത്ത അംബാസഡർ കാറിൽ ലാൽ വന്നിറങ്ങുന്ന രംഗങ്ങളാണു ചിത്രീകരിച്ചത്. അതിരാവിലെ മുതൽ ഷൂട്ടിങ് വിവരം അറിഞ്ഞു പെൺകുട്ടികൾ ഉൾപ്പെടെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെയും  സമീപപ്രദേശങ്ങളിലെയും കെട്ടിടങ്ങളിൽ സ്ഥാനം പിടിച്ചു. 

പൊലീസും സമരക്കാരും ബാരിക്കേഡും ഒക്കെയായി സംഘർഷഭൂമിയായ സ്ഥലത്തേക്കു തന്റെ വെള്ളമുണ്ടിലും ഷർട്ടിലും ലാൽ വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണു ക്യാമറയിൽ പകർത്തിയത്. മോഹൻലാലിനൊപ്പം കലാഭവൻ ഷാജോണും പങ്കെടുത്തു. ഈ മാസം മുഴുവൻ തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ചത്രീകരണം നടത്തും. നേരത്തേ കനകക്കുന്ന് കൊട്ടാരത്തിൽ മോഹൻലാലും മഞ്ജുവാരിയറും ഉൾപ്പെടുന്ന രംഗങ്ങൾ എടുത്തിരുന്നു. 

മുരളിഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വണ്ടിപ്പെരിയാർ, കുമളി, ബെംഗളൂരു, മുംബൈ, എറണാകുളം, എന്നിവയാണു മറ്റു ലൊക്കേഷനുകൾ. സച്ചിൻ ഖഡേക്കർ, ഇന്ദ്രജിത്ത്, സായികുമാർ, സംവിധായകൻ ഫാസിൽ, ടൊവിനോ തോമസ്, സുനിൽ സുഗത, സാനിയ ഇയ്യപ്പൻ, താരാ കല്യാൺ, പ്രവീണ തോമസ്, മാലാ പാർവതി  എന്നിവരും അണിനിരക്കുന്നു.  പൃഥ്വിരാജും ഇന്ദ്രജിത്തും പല ചിത്രങ്ങളിലും ഒന്നിച്ചഭിനയിച്ചുണ്ടെങ്കിലും ഒരാൾ അഭിനേതാവും മറ്റൊരാൾ സംവിധായകനായി എത്തുന്നുവെന്നതും ലൂസിഫറിന്റെ പ്രത്യേകതയാണ്.