അത് കോഹ്‌ലിയല്ല; മലയാളം തന്നെ ആദ്യശ്രദ്ധ: പുകമറകള്‍ നീക്കി ദുല്‍ഖര്‍

സോയ ഫാക്ടറി എന്ന നോവലിനെ അധികരിച്ചെത്തുന്ന ചിത്രത്തിൽ വിരാട് കോഹ്്‌ലിയുടെ കഥാപാത്രം അല്ല അവതരിപ്പിക്കുന്നതെന്ന് തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ. കര്‍വാന്റെ വിജയ പശ്ചാത്തലത്തില്‍ ഇനി ശ്രദ്ധ ചെലുത്തുന്നത് ബോളിവുഡിലായിരിക്കുമോ എന്ന ചോദ്യത്തിന് താന്‍ മലയാള സിനിമയുടെ ഭാഗമാണെന്നും തുടര്‍ന്നുള്ള തന്റെ ശ്രദ്ധയും മലയാളത്തില്‍ തന്നെ ആയിരിക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞു.

സോയാ ഫാക്ടര്‍ എഴുതപ്പെട്ടത് ഏറെക്കാലം മുന്‍പാണെന്നും അത് ഏതെങ്കിലും ഒരാളെക്കുറിച്ച് ഉള്ളതാണെന്ന് താന്‍ കരുതുന്നില്ലെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. ആ പുസ്തകം പൂര്‍ണമായും കഥയാണെന്നും അല്ലാതെ നടന്ന സംഭവങ്ങള്‍ അല്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. ഈ മാസം അവസാനം സിനിമയുടെ ഷൂട്ടിങ് തുടങ്ങും എന്നല്ലാതെ സോയാ ഫാക്ടര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ദുല്‍ഖര്‍ പുറത്തു പറഞ്ഞില്ല.

2008ല്‍ പുറത്തിറങ്ങിയതാണ് അനൂജാ ചൗഹാന്റെ ‘ദ് സോയാ ഫാക്ടര്‍’ എന്ന നോവല്‍. സോയാ സോളങ്കി എന്ന ഒരു രജപുത്ര പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലക്കി ചാം ആകുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതേ പേരില്‍ സിനിമ ഒരുക്കുന്നതും.

സോനം കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കളിക്കാരനാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം വിരാട് കോഹ്‌ലിയുടേത് ആണെന്ന തരത്തില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. 

എന്റെ പ്രൈമറി ഫോക്കസ് മലയാളത്തിലായിരിക്കും. പിന്നെ വരുന്ന സിനിമകളില്‍നിന്ന് എനിക്ക് കണക്ട് ചെയ്യാന്‍ പറ്റുന്നവ തിരഞ്ഞെടുക്കും. അതിന് ഭാഷ ഒരു മാനദണ്ഡമായിരിക്കില്ല’ – ദുല്‍ഖര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.