അശോകൻ ആദ്യമായി നാടകത്തിൽ; നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി വീണ്ടും അരങ്ങിൽ

കേരളത്തിൽ സാമൂഹ്യ പരിവർത്തനങ്ങൾക്ക് തുടക്കമിട്ട നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം വീണ്ടും അരങ്ങിലെത്തി.  ചെന്നൈ ആശാൻ സ്മാരക സ്കൂളിൽ അരങ്ങേറിയ നാടകത്തിൽ നടൻ അശോകനും അഭിനയിച്ചു. മറുനാടൻ മലയാളികൾക്കിടയിൽ നാടകം മികച്ച പ്രതികരണം നേടി.ചെന്നൈ മലയാളികളാൽ നിറഞ്ഞ സദസിന് മുന്നിലാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന അനശ്വര നാടകം വീണ്ടും അരങ്ങേറിയത്. തോപ്പിൽ ഭാസി രചിച്ച നാടകത്തിന്റെ ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ ദൈർഘ്യം കുറച്ചാണ് നാടകത്തിന്റെ അവതരണം. 

നടൻ അശോകൻ ആദ്യമായി അഭിനയിക്കുന്ന നാടകം എന്ന പ്രത്യേകതയുള്ളതിനാൽ പ്രമുഖരടക്കം നിരവധിപേർ എത്തിയിരുന്നു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള നാടകം പുനരാവിഷ്കരിക്കുമ്പോൾ പ്രതിസന്ധികൾ ഏറെയായിരുന്നെന്നാണ് അരങ്ങിലും അണിയറയിലും വിയർപ്പൊഴുക്കിയവർക്ക് പറയാനുള്ളത്.ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളികളാണ് നാടകത്തിലെ അഭിനേതാക്കൾ. മുഗപ്പെയർ മലയാളി സമാജവും നവചൈന്യയും ചേർന്നാണ് നാടകം അവതരിപ്പിച്ചത്.