നസ്രിയ എല്ലാം ഉപേക്ഷിച്ചു; എനിക്ക് വീടും കുടുംബവുമാകാന്‍: പ്രണയത്തോടെ ഫഹദ്

നാലുവര്‍ഷമായി ഫഹദിന്‍റെ ‘കൂടെ’യുണ്ട് നസ്രിയ. ആ നസ്രിയ അത്രതന്നെ നീണ്ട ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് തിരിച്ചെത്തുമ്പോള്‍ സന്തോഷവും പ്രണയവും ഒട്ടും മറച്ചുവയ്ക്കാതെ ഫഹദ് ഫാസില്‍. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്, പാര്‍വതി, നസ്രിയ ചിത്രത്തിന്‍റെ പേരും പോസ്റ്ററും പങ്കിട്ടാണ് ഫഹദിന്‍റെ പ്രണയപ്രകടനം. ‘കൂടെ’ എന്നാണ് സിനിമയുടെ പേര്. 

ഫഹദിന്‍റെ വാക്കുകള്‍ ഇങ്ങനെ: ജീവിതത്തില്‍ ഇത്രനാളും അനുഭവിക്കാത്ത സന്തോഷത്തോടെയാണ് ഈ സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നത്. ഇതൊരു മഹത്തായ സിനിമയാകും എന്നതിനും ഈ സിനിമയില്‍ സഹകരിക്കുന്ന പ്രമുഖര്‍ക്കുമപ്പുറം, നാലുവര്‍ഷമായി ഞാന്‍ സ്ക്രീനില്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ആളുടെ മടങ്ങിവരവുമാണിത്, എനിക്ക് വീടും കുടുംബവുമാകാനാണ് അവള്‍ നാലുവര്‍ഷം എല്ലാം ഉപേക്ഷിച്ചത്. എനിക്കുള്ളതെല്ലാം ചോര്‍ത്തുവെച്ച് ഞാന്‍ നിന്നെ പ്രണയിക്കുന്നു നസ്രിയാ.അഞ്ജലി, രാജു, പാറു, പിന്നെയെന്‍റെ സ്വന്തത്തിനും ആശംസകള്‍.  

പൃഥ്വിരാജിന്റെ സഹോദരിയായിട്ടാണ് നസ്രിയ അഭിനയിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോന്‍റെ മടങ്ങിവരവ് കൂടിയാണ് ഇത്. ബന്ധങ്ങളെ ക്കുറിച്ചാണ് സിനിമ. അതുല്‍ കുല്‍ക്കര്‍ണി, രഞ്ജിത്ത് തുടങ്ങിയവരും അഭിനേതാക്കളായുണ്ട്. എം.രഞ്ജിത്താണ് സിനിമ നിര്‍മിക്കുന്നത്.