വിമാനം തകർന്ന് അജയ് ദേവ്ഗൺ മരിച്ചെന്ന് വ്യാജ പ്രചാരണം;വ്യാജചിത്രവും: അന്വേഷണം

മഹാബലേശ്വറിൽ ഹെലികോപ്ടർ തകർന്ന് ബോളിവുഡ് താരം അജയ് ദേവ്ഗൺ മരിച്ചുവെന്ന് വാട്സ് ആപ്പിൽ വ്യാജ പ്രചാരണം. മഹാരാഷ്ട്രയിലെ സതാര ജില്ലയിലുള്ള മഹാബലേശ്വറിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ താരം മരിച്ചുവെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിക്കുകയായിരുന്നു. 

സിനിമയില്‍നിന്നെടുത്ത അജയ് ദേവ്ഗണിന്റെ പരുക്കേറ്റ ചിത്രങ്ങള്‍ സഹിതമാണ് വാർത്ത പ്രചരിച്ചത്. സമൂഹമാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ വ്യാപകമായി പ്രചരിച്ചതോടെ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പൊലീസ് വിശദീകരിച്ചു. അജയ് ദേവ്ഗണ്‍ സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപെട്ടുവെന്ന വാർത്ത വ്യാജമാണെന്നും അത്തരമൊരു അപകടം ഉണ്ടായിട്ടില്ലെന്നും മഹാബലോശ്വര്‍ പൊലീസ് വ്യക്തമാക്കി. 

ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്‍റെ ഉറവിടം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. റണ്‍ബീര്‍ കപൂറുമായി ചേര്‍ന്നുള്ള ഏറ്റവും പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ് അജയ് എന്നാണ് സൂചന. റണ്‍ബീറുമൊത്തുള്ള അജയുടെ ചിത്രങ്ങള്‍ പുറത്തുവരുന്നുണ്ട്. അകിവ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അജയ് ദേവ്ഗണ്‍ ഇപ്പോള്‍ മുംബൈയില്‍ തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഷാരൂഖ് ഖാന്‍, ഫരീദ ഖാന്‍, ദിലീപ് കുമാര്‍ തുടങ്ങിയവര്‍ മരിച്ചുവെന്നുള്ള വ്യാജവാര്‍ത്തകളും നേരത്തേ പ്രചരിച്ചിരുന്നു.