‘നാന്‍ ഒരു തടവെ സൊന്നാ..’; ആ ഡയലോഗുകളുടെ ഉടമ ഇനി ഓര്‍മ; കയ്യടികള്‍ ബാക്കി

‘നാന്‍ ഒരു തടവെ സൊന്നാ..’; ആ ഡയലോഗുകളുടെ ഉടമ ഇനി ഓര്‍മ; കയ്യടികള്‍ ബാക്കി ‘നാന്‍ ഒരു തടവെ സൊന്നാ, നൂറ് തടവെ സൊന്ന മാതിരി..’..തമിഴ്നാട്ടില്‍ മാത്രമല്ല, കേരളത്തിലും ഈ പഞ്ച് ഡയലോഗിന് ആരാധകരേറെയുണ്ട്. ഇതുള്‍പ്പെടെ നിരവധി പഞ്ച് ഡയലോഗുകള്‍ തമിഴ് സിനിമക്ക് സമ്മാനിച്ച എഴുത്തുകാരന്‍ വി.ബാലകുമാരന്‍(71) ഓര്‍മയായി. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

ബ്ലോക്ബസ്റ്റര്‍ ഹിറ്റുകളായ നായകന്‍, ജെന്‍റില്‍മാന്‍, ഗുണ, ബാഷ തുടങ്ങി ഇരുപതോളം തമിഴ് ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയത് ബാലകുമാരന്‍ ആണ്. ഉലകനായകന്‍ കമല്‍ഹാസന്‍റെ ‘നീങ്ക നല്ലവരാ കെട്ടവരാ..?’(നായകന്‍), ‘പോറ വഴി തപ്പാ ഇരുക്കലാം, പോയ് സേറ ഇടം കോവിലാ ഇരിക്കണം..’ (ജെന്‍റില്‍മാന്‍) - ആരാധകര്‍ ഏറ്റുപറഞ്ഞ ഈ ഡയലോഗുകള്‍ എല്ലാം ബാലകുമാരന്‍റെ സൃഷ്ടിയാണ്.

സിനിമകള്‍ക്ക് പുറമെ 150ഓളം നോവലുകള്‍ക്കും 100ലധികം ചെറുകഥകള്‍ക്കും ബാലകുമാരന്‍റെ തൂലിക ജന്മം നല്‍കി. ഇരുമ്പ് കുതിരൈകള്‍, മെര്‍ക്കുറി പൂക്കള്‍, സുഗജീവനം എന്നീ ചിത്രങ്ങളിലെ തിരക്കഥക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ശങ്കറിന്‍റെ 'കാതലന്‍' എന്ന ചിത്രത്തിലെ തിരക്കഥക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചു.

സ്വന്തം എഴുത്തില്‍ ഏറെ അഭിമാനിച്ചിരുന്ന വ്യക്തിയായിരുന്നു ബാലകുമാരന്‍‌. പ്രശസ്ത എഴുത്തുകാരന്‍ ടി.ജാനകിരാമനെ വെല്ലുന്ന ശൈലിയാണ് തന്‍റേതെന്നും അടുത്ത 200 വര്‍ഷം കൂടി താന്‍ വായിക്കപ്പെടുമെന്നും ബാലകുമാരന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞിട്ടുണ്ട്. ഡയലോഗുകള്‍ക്കും തിരക്കഥകള്‍ക്കുമൊക്കെ ആരാധകരര്‍ ഏറുമ്പോഴും എല്ലാം പണത്തിനുവേണ്ടിയാണെന്നായിരുന്നു ബാലകുമാരന്‍റെ പ്രതികരണം.

സ്വന്തം അമ്മയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുപാട് ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ക്കും അദ്ദേഹം ജന്മം നല്‌‍‍കി. 'നെറ്റി ബൊമ്മൈകളിലെ' നീലയും 'യേദുമാകി നിന്‍ട്രായ് കാളി'യിലെ സവിതയും ഉദാഹരണം. ആനുകാലിക പ്രസിദ്ധീകരണങ്ങളിലെയും സജീവസാന്നിധ്യമായിരുന്നു അദ്ദേഹം.