ഇരട്ടി സന്തോഷം; ഇരട്ടി കരുതല്‍: ഈ ഇരട്ടക്കുട്ടികളുടെ അമ്മ പറയുന്നു: അഭിമുഖം

സാന്ദ്ര തോമസ് തിരക്കിലാണ്. പുതിയ സിനിമയുടെയോ നിർമാണത്തിന്റെയോ തിരക്കിലല്ല. കെൻഡലിന്റെയും കാറ്റ്ലിന്റെയും ഓരോ കാര്യത്തിനും സാന്ദ്ര തന്നെ വേണം. ഏപ്രിൽ മൂന്നിനാണ് സാന്ദ്രയും ഭർത്താവ് വിൽസൺ ജോൺ തോമസും രണ്ട് മാലാഖ കുഞ്ഞുങ്ങളുടെ മാതാപിതാക്കളായത്. കുഞ്ഞുങ്ങളുടെ ചിരിയും കരച്ചിലും ചിണുക്കങ്ങളും കൊണ്ട് സാന്ദ്രയുടെ വീട് നിറഞ്ഞിരിക്കുകയാണ്. അമ്മയായതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് സാന്ദ്ര മനസുതുറക്കുന്നു.

അമ്മയായതിന് ശേഷം വ്യക്തപരമായി എനിക്ക് മാറ്റം വന്നിട്ടില്ല. പക്ഷെ എന്റെ താൽപര്യങ്ങളും ഇഷ്ടങ്ങളും മുൻഗണനകളുമെല്ലാം മാറി. മക്കളാണ് ഇപ്പോഴത്തെ ലോകം. ഒരു നിമിഷം അവരെ പിരിഞ്ഞിരിക്കാൻ സാധിക്കില്ല. ഞാനും ഭർത്താവും തന്നെയാണ് കുഞ്ഞുങ്ങളുെട കാര്യം നോക്കുന്നത്. അവരുടെ കാര്യങ്ങൾ ഞാൻ തന്നെ നോക്കിയാല്‍ മാത്രമേ എനിക്ക് തൃപ്തിയാകൂ. 

പെൺകുഞ്ഞ് വേണമെന്നാണ് എപ്പോഴും ഞാൻ ആഗ്രഹിച്ചിരുന്നത്. ഗർഭകാലത്തും എനിക്ക് പെൺകുഞ്ഞ് തന്നെയായിരിക്കുമെന്ന് മനസ് പറഞ്ഞു. ഇരട്ടക്കുട്ടികളെ കിട്ടിയപ്പോൾ ഇരട്ടിസന്തോഷമായി. ഒരാൾക്ക് ഒരാൾ എപ്പോഴും തണലാകുമല്ലോ. ഞാനും എന്റെ സഹോദരിയും തമ്മിൽ രണ്ടരവയസിന്റെ വ്യത്യാസമേയുള്ളൂ. എന്റെ എല്ലാകാര്യങ്ങളും ഷെയർ ചെയ്യുന്നത് അവളുമായിട്ടാണ്. 

മക്കൾക്ക് ഒന്നരമാസം പ്രായമായി. തുടക്കത്തിൽ നോക്കാനുള്ള ചെറിയ ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ വളർന്നുവരുമ്പോൾ ഇരട്ടക്കുഞ്ഞുങ്ങളുള്ള വീട് രസകരമായിരിക്കും. ഒരാൾ കരയുമ്പോൾ തന്നെ അടുത്തയാളും കരയും. മക്കളെ നോക്കുന്നതിൽ ഭർത്താവിന്റെ പൂർണ്ണപിന്തുണയുണ്ട്. എനിക്ക് സിസേറിയനായിരുന്നു. പ്രസവശേഷം രാത്രിയിൽ എന്നോട് ഉറങ്ങിക്കോളാൻ പറഞ്ഞിട്ട് അദ്ദേഹം ഉറക്കമൊഴിച്ച് കുഞ്ഞുങ്ങളെ നോക്കി. ഇപ്പോഴും മക്കളുടെ എല്ലാകാര്യവും ഞങ്ങളൊരുമിച്ചാണ് നോക്കുന്നത്.

എല്ലാവരും എന്നോട് സിനിമയിലേക്ക് വീണ്ടുമില്ലേ എന്ന് ചോദിക്കുന്നുണ്ട്. സിനിമ ഇപ്പോഴും മനസിലുണ്ട്, പക്ഷെ ഈ പൊടികുഞ്ഞുങ്ങളെ വിട്ട് സിനിമ ചെയ്യാൻ മനസ് അനുവദിക്കുന്നില്ല. ഒരു കാര്യത്തിൽ ഇറങ്ങി തിരിച്ചാൽ നൂറുശതമാനം ആത്മാർഥത പുലർത്തുന്നതാണ് രീതി. മക്കളുടെ കാര്യവും സിനിമയുടെ കാര്യവും ഒന്നിച്ച് കൊണ്ടുപോകാൻ ഇപ്പോൾ ബുദ്ധിമുട്ടാണ്. അവരുടെ കാര്യങ്ങളിൽ ആത്മാർഥത കാണിക്കാതെ സിനിമ ചെയ്യാൻ മനസ് അനുവദിക്കുന്നില്ല– സാന്ദ്ര പറയുന്നു.