‘ഞാന്‍ ഒന്നുകൂടി ജനിച്ചു..’ ആരാധ്യയുടെ കൈപിടിച്ച് കാനില്‍; അമ്പരന്ന് ലോകം: വിഡിയോ

പ്രായം കേവലം അക്കങ്ങളാണെന്ന് ആരാധകര്‍ പറയുന്നത് വെറുതെയല്ല എന്ന് തെളിയിക്കുകയാണ് െഎശ്വര്യറായ് ബച്ചന്‍. ഇത്തവണ മാതൃദിനത്തില്‍ ഒരമ്മ മകള്‍ക്ക് നല്‍കിയ വലിയ സമ്മാനമാണ് ഇപ്പോള്‍ ചര്‍ച്ചായാകുന്നത്. കാൻ ചലച്ചിത്രോല്‍സവത്തില്‍ റെഡ് കാർപ്പറ്റിൽ പതിനേഴാമത്തെ തവണയാണ് ഐശ്വര്യ ചുവട് വയ്ക്കുന്നത്. ഇത്തവണ ഒപ്പം റെഡ്കാർപ്പറ്റിൽ മകള്‍ ആരാധ്യയും കൂടെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞ് ആരാധ്യയുടെ കൈ പിടിച്ച് മേളയ്ക്ക് ലോക സുന്ദരിയെത്തിയത്. 

ഒരു മല്‍സ്യകന്യകയെ അനസ്മരിപ്പിക്കും വിധമായിരുന്നു ഐശ്വര്യ റായ് എത്തിയത്.  ചുവപ്പ് ഫ്രോക്കില്‍ ആരാധ്യയും തിളങ്ങി. മേളയിലുടനീളം അമ്മയുടെ കൈവിരലില്‍ തൂങ്ങി നടന്ന കുഞ്ഞ് ആരാധ്യ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. മകൾക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് ഐശ്വര്യ കുറിച്ച വാക്കുകളില്‍ വരാനിരിക്കുന്ന ചരിത്രമുണ്ട്. ‘ഞാന്‍ ഒന്നു കൂടി ജനിച്ചിരിക്കുന്നു.’ 

ഫിലിപ്പീന്‍സ് ഡിസൈനര്‍ മൈക്കല്‍ സിങ്കോ തയാറാക്കിയ ബട്ടര്‍ഫ്ലൈ ഗൗണ്‍ ധരിച്ചാണ് ഐശ്വര്യ റെഡ്കാര്‍പറ്റിലെത്തിയത്.125 ദിവസങ്ങളിലായി  3000 മണിക്കൂര്‍ കൊണ്ടാണ്  സിങ്കോ ഐശ്വര്യയ്ക്കായി ഗൗണ്‍  ഒരുക്കിയത്. ഇൗ ഗൗണില്‍ ആരാധ്യ കിടക്കുന്ന ചിത്രവും െഎശ്വര്യ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. 

കാൻഫെസ്റ്റിവലിൽ പങ്കെടുക്കാൻ മുംബൈ എയർപോർട്ടില്‍ എത്തിയ െഎശ്വര്യയുടെയും ആരാധ്യയുടെയും ചിത്രങ്ങള്‍ വൈറലായിരുന്നു. അമ്മയും മകളും ഒരേ നിറത്തിലുള്ള ഉടുപ്പും ഷൂസുമണിഞ്ഞാണെത്തിയത്. അമ്മ കറുപ്പ് ടോപ്പും പാന്റസുമാണെങ്കിൽ വെളുപ്പും റോസും ബലൂണുകൾ പ്രിന്റ് ചെയ്ത സൂപ്പർ ബ്ളാക്ക് ഫ്രോക്കാണ് ആരാധ്യ ധരിച്ചിരുന്നത്. വിഡിയോ കാണാം