ഈ കുടുംബമാണ് ശക്തി: ആഘോഷക്കല്ല്യാണം കഴിഞ്ഞ് സോനത്തിന്‍റെ വൈകാരിക കുറിപ്പ്

സോനം കപൂറിന്‍റെയും ബിസിനസ്സുകാരന്‍ ആനന്ദ് അഹൂജയുടെയും വിവാഹ വിശേഷങ്ങള്‍ തീരുന്നില്ല. മൂന്നു ദിവസം നീണ്ടു നിന്ന പഞ്ചാബി സ്റ്റൈല്‍ വിവാഹ ചടങ്ങുകളിലും സല്‍ക്കാരത്തിലും ബി–ടൗണ്‍ ഒന്നടങ്കം അണിനിരന്നു. സോനത്തിന്‍റെ വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുകവിഞ്ഞു. തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ മുഹൂര്‍ത്തം അവിസ്മരണീയമാക്കിയതില്‍  കുടുംബാംഗങ്ങള്‍ക്കും സൂഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോനം. 

ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് സോനം വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.  തന്‍റെ കുടുംബമാണ് ശക്തി എന്നു പറയുന്ന സോനം അമ്മ സുനിതാ കപൂറിനും അച്ഛന്‍ അനില്‍ കപൂറിനും നന്ദി അറിയിക്കുന്നു. 'എന്നെയും ആനന്ദിനെയും ഉപാധികളില്ലാതെ സ്നേഹിക്കുന്നതിന് അച്ഛനും വിവാഹം ഇത്രമാത്രം ഗംഭീരമാക്കിയതിന് അമ്മയ്ക്കും നന്ദി' ഈ ലോകത്തിലെ ഏറ്റവും നല്ല അമ്മയെന്നാണ് അഭിസംബോധന. 

ഇതാണ് സോനത്തിന്‍റെ വാക്കുകള്‍. തന്‍റെ സഹോദരങ്ങള്‍ക്കും കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഡിസൈനര്‍മാര്‍ക്കും വെഡിംഗ് പ്ലാനര്‍മാര്‍ക്കും സോനം നന്ദി രേഖപ്പെടുത്തി. 

നീണ്ടകാലത്തെ പ്രണയത്തിന് ശേഷം മെയ് എട്ടിനാണ് ഇരുവരും വിവാഹിതരായത്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, വരുണ്‍ ധവാന്‍, രണ്‍വീര്‍ സിങ്, ഐശ്വര്യ റായ്, ആലിയ ഭട്ട്, കരീന കപൂര്‍ തുടങ്ങി നീണ്ട താരനിരയാണ് ചടങ്ങിനെത്തിയത്.