സ്വന്തം നാട്ടുകാരിയായ നിര്‍ധന കുടുംബാംഗത്തിന് വിഷു സമ്മാനമായി നടി മഞ്ജുവാര്യര്‍ വീടു നിര്‍മിച്ചു നല്കി. വീടിന്റെ താക്കോല്‍ദാനം തൃശൂര്‍ പുള്ള് ഗ്രാമത്തില്‍ ഉല്‍സവമായി മാറി. നടി മഞ്ജു വാര്യരുടെ തൃശൂര്‍ പുള്ളിലുള്ള വീടിന്റെ വിളിപ്പാടകലെയാണ് സുഭദ്രാ കുമാരന്റെ വീട്. ഭര്‍ത്താവ് നേരത്തെ മരിച്ചതോടെ കുടുംബത്തിന്റെ ഭാരം മുഴുവന്‍ സുഭദ്രയുടെ ചുമലിലായി. കൂലിപ്പണിയെടുത്തായിരുന്നു ഉപജീവനം. നല്ലൊരു കിടപ്പാടം പോലുമില്ലായിരുന്നു. അങ്ങനെയാണ്, വീടു നിര്‍മിച്ചു നല്കാന് മഞ്ജു വാര്യര്‍ മുന്നിട്ടിറങ്ങിയത്.
625 സ്ക്വയര്‍ ഫീറ്റ് ഭവനം കഴിഞ്ഞ ഒന്നരമാസം കൊണ്ടാണ് പണിക്കഴിപ്പിച്ചത്. ചാഴൂര്‍ പഞ്ചായത്തിന്റെ ലൈഫ് മിഷന് ഭവന പദ്ധതിയിലേക്കാണ് മഞ്ജു വാര്യര്‍ അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കിയത്. സുഭദ്രയുടെ വീടു നിര്‍മാണം കഴിഞ്ഞുള്ള പണം മറ്റു മൂന്നു വീടുകളുടെ നിര്‍മാണത്തിനായി ചെലവഴിച്ചു. താക്കോല്‍ദാനം വിഷുവിന് മുന്നോടിയായി നടത്തണമെന്ന് പഞ്ചായത്ത് അധികൃതര്‍ പ്രത്യേകം തീരുമാനിച്ചിരുന്നു. മൊത്തം, നാലു കുടുംബത്തിനാണ് ഇക്കുറി വിഷുവിന് നല്ല വീടു ലഭിച്ചത്.