സുരഭി ഇനി വടക്കൻ വീരഗാഥയിലെ 'ഉണ്ണിയാർച്ച'

മലയാളത്തിന്റെ പ്രിയകഥാകാരന്‍ എം.ടി. വാസുദേവൻ നായരുടെ സാഹിത്യജീവിതം കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും അരങ്ങിലെത്തുന്നു. പ്രമുഖ നാടകകാരന്‍ പ്രശാന്ത് നാരായണനാണ് മഹാസാഗരം എന്നപേരില്‍ നാടകം ഒരുക്കുന്നത്. ഇന്ന് വൈകുന്നേരം ആറരയ്ക്ക് തിരുവനന്തപുരം ടഗോര്‍ തീയറ്ററിലാണ് പരിപാടി. വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ചയാകാനൊരുങ്ങുകയാണ് സുരഭി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാര ജേതാവിന് ഇത് ഒരുപഠനാനുഭവം.

മോഹന്‍ലാലിനെയും മുകേഷിനെയും അണിനിരത്തി ഛായാമുഖിയും രാമായണത്തിലെ വേറിട്ട കഥപറഞ്ഞ മകരധ്വജനും അരങ്ങിലെത്തിച്ച  പ്രശാന്ത് നാരായണന്റെ നാടകജീവത്തിലെ നാഴികക്കല്ലാകും മഹാസാഗരം. നിര്‍മാല്യത്തിലെ വെളിച്ചപ്പാട് കാലത്തിലെ സേതു, നാലുകെട്ടിലെ അപ്പുണ്ണി,വളര്‍ത്തുമൃഗങ്ങളിലെ ജാനു, അസുരവിത്തിലെ ഗോവിന്ദന്‍കുട്ടി അങ്ങനെ മലയാളിനേഞ്ചേറ്റിയ എം.ടി കഥാപാത്രങ്ങളും എം.ടിതന്നെയും അരങ്ങിൽ പുനരവതരിക്കുന്നു. പന്ത്രണ്ടു നാടകശൈലികൾ സമന്വയിപ്പിച്ചാണു കളം എന്ന നാടകസംഘം മഹാസാഗരം സൃഷ്ടിച്ചത്.