എന്താണ് ഈ ‘സ്വഭാവ നടന്‍’..? ജൂറിയോട് അലന്‍സിയറിന്‍റെ ചോദ്യം

തനിക്ക് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ലഭിച്ചതെന്തുകൊണ്ടാണെന്ന് മനസിലാകുവന്നില്ലെന്ന് നടന്‍ അലന്‍സിയര്‍. സ്വാഭാവ നടൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്നും മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ അദ്ദേഹം ചോദിച്ചു. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അവതരിപ്പിച്ച പൊലീസുകാരന്‍‍ അൽപം കുനിഷ്ഠുള്ള ആളായിരുന്നു. അതുകൊണ്ട് അയാളുടെ സ്വഭാവം നന്നായതിന് പുരസ്കാരം തന്നു എന്ന് പറയാൻ കഴിയില്ല. ജഡ്ജിമാർ എന്തടിസ്ഥാനത്തിലാണ് ഇത് കണ്ടെത്തുന്നതെന്ന് മനസിലാകുന്നില്ല. തനിക്ക് സ്വഭാവനടനുള്ള പുരസ്കാരം നൽകിയപ്പോൾ നായകന്മാരൊക്കെ ചെയ്യുന്നത് എന്തുവേഷമാണെന്നും അലൻസിയർ ചോദിക്കുന്നു. 

പണ്ട് മുഖ്യധാരയില്‍ ഇല്ലാത്ത നായകവേഷം ചെയ്യാത്ത നടന്മാർക്കും മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. പിന്നീടാണ് ആ രീതി മാറിയത്. ഗോപിച്ചേട്ടൻ ഭരത് അവാർഡ് വാങ്ങുമ്പോൾ താരമായിരുന്നില്ല. ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്ന പ്രശ്നം തനിക്കുമുണ്ട്. മഹേഷിന്റെ പ്രതികാരത്തിനുശേഷം രണ്ട് വർഷത്തോളം അതിലെ കഥാപാത്രത്തെപ്പോലെ ജുബയും കുറ്റിത്താടിയുമായിരുന്നു കുറെ സിനിമകളിൽ വേഷം.

സംവിധായകൻ കമൽ സാറിനെ കമാലുദ്ദീൻ എന്നു വിളിക്കുകയും പാക്കിസ്ഥാനിലേക്ക് അയക്കുകയും ചെയ്യുമെന്ന് പറഞ്ഞപ്പോൾ ഞാൻ ഇതിനെതിരെ നാടകം അവതരിപ്പിച്ചു. അത് കമൽ സാറിന് വേണ്ടിയായിരുന്നില്ല, ഇൗ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയായിരുന്നു. നാളെ ഒരാൾക്കും ഇൗ അവസ്ഥ വരരുത്. ആസമയത്ത് നടനെന്ന കാര്യം ഞാൻ ‍മറന്നുപോയി. തൊണ്ടി മുതലിന്റെ സെറ്റിലിരുന്നപ്പോഴാണ് ഇൗ വാർത്ത അറിയുന്നത്. 

ഞാൻ തുണിയുരിഞ്ഞ് പ്രതിഷേധിച്ചു എന്നൊക്കെയാണ് ആളുകൾ പരിഹസിക്കുന്നത്. ഞാൻ സാരിയുടുത്തും പ്രതിഷേധിച്ചിട്ടുണ്ട്. പെണ്‍പിളൈ ഒരുമൈ എന്ന സംഘടനയിലെ സ്ത്രീകൾക്കെതിരെ മണിയാശാൻ അശ്ലീല പരാമർശം നടത്തിയപ്പോൾ ഞാൻ 'ഇൗട' സിനിമയുടെ സെറ്റിൽ സാരിയുടുത്ത് പ്രതിഷേധിച്ചിരുന്നു. അത് ആരും അറിഞ്ഞില്ല– അലൻസിയർ നേരെചൊവ്വേയിൽ വ്യക്തമാക്കി. വിഡിയോ കാണാം.