ഹൃത്വികിന്റെ മാനേജർ ഇനി കങ്കണയ്ക്കൊപ്പം, ചങ്കിടിപ്പോടെ നടനും ആരാധകരും

ബോളിവുഡിനെ ഞെട്ടിച്ച വിവാദമായിരുന്നു ഹൃത്വിക് റോഷൻ - കങ്കണ റനാവത്ത് വാക്പോര്. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവരും ഏറ്റുമുട്ടിയപ്പോൾ അവിശ്വസനീയതയോടെയായിരുന്നു സിനിമാലോകവും ആരാധകരും അത് കേട്ടത്. കങ്കണയുടെ ആരോപണങ്ങൾ അതിരു വിട്ടപ്പോൾ ഹൃത്വികും ചില തുറന്നു പറച്ചിലുകൾ നടത്തി.

കുറച്ചു നാളുകളായി ഇരുവരും മൗനത്തിലായിരുന്നു. ഇപ്പോൾ ഇവർ വാർത്തകളിൽ നിറയുന്നു. ഹൃത്വിക് റോഷന്റെ മാനേജരെ കങ്കണ തന്റെ മാനേജരായി നിയമിച്ചതാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന വാർത്ത. 12 വർഷം ഹൃത്വികിനൊപ്പം ഉണ്ടായിരുന്ന അഞ്ജലി അദയാണ് ഇപ്പോൾ നടിയ്ക്കൊപ്പം ചേർന്നിരിക്കുന്നത്. വ്യക്തി ജീവിതത്തിൽ പ്രശ്നങ്ങൾ പിന്തുടർന്നപ്പോൾ ഹൃത്വികിന്റെ കരിയർ സംബന്ധമായ കാര്യങ്ങളുടെ മേൽനോട്ടം അഞ്ജലിയ്ക്കായിരുന്നു. അഞ്ജലിയെ കൂടെക്കൂട്ടിയുള്ള കങ്കണയുടെ നീക്കങ്ങൾ എന്താകുമെന്നാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്.

താനും ഹൃത്വികും പ്രണയത്തിലായിരുന്നെന്നും താൻ അയച്ച ഇ-മെയിൽ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് പുറത്തുവിട്ടെന്നും കാണിച്ച് നടി മുംബൈ പൊലീസിൽ പരാതി നൽകിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ ഈ കേസിൽ തെളിവുകളില്ലാത്തതിനാൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. പിന്നീട് അവസരം കിട്ടുമ്പോഴെല്ലാം കങ്കണ നടനെതിരെ ആരോപണങ്ങൾ ഉന്നയിക്കുക പതിവായി. 

ഇതിൽ സഹികെട്ട് ഹൃത്വിക് ഒരു തവണ നടിയ്ക്കെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു. തങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നില്ല. ഒരിക്കൽ കങ്കണ രാത്രി വൈകി മദ്യപിച്ച് ലക്കുകെട്ട് തന്റെ മുറിയുടെ കതകിൽ വന്നു മുട്ടിയിട്ടുണ്ടെന്നും ഹൃത്വിക് തുറന്നടിച്ചു.