‘അങ്ങനെയെങ്കിൽ അൽഫോൺസ് പുത്രനും മാപ്പ് പറയണം’

ഒരു അഡാർ ലവ് എന്ന സിനിമയിലെ ഗാനം പലരുടേയും നെറ്റിയും പുരികവും ചുളിച്ചിരിക്കുകയാണല്ലോ. ഗാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തു വന്നിട്ടുണ്ട്. സാക്ഷാൽ മുഖ്യമന്ത്രി വരെ പ്രതികരിച്ചു കഴിഞ്ഞു. ഇവിടെ ഒരു യുവഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് വേറിട്ടു നിൽക്കുന്നു.അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം പ്രേമവുമായി താരതമ്യം ചെയ്താണ് കുറിപ്പിട്ടിരിക്കുന്നത്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം 

മിസ്റ്റർ അൽഫോൻസ്‌ പുത്രൻ, താനെന്താടോ കരുതിയത്‌? പള്ളി തനിക്ക്‌ ഒളിച്ചുകളിക്കാനുള്ള സ്ഥലമാണെന്നോ? പള്ളി പ്രാർത്ഥിക്കാനുള്ള സ്ഥലമാണ്. അല്ലാതെ പറയാതെ കയറി ഒളിക്കാനുള്ള സ്ഥലമല്ല. പിന്നെ, സിനിമയുടെ സീൻ ഗായകസംഘത്തിലെ ഒരു ക്രിസ്ത്യൻ യുവാവ്‌ സ്ത്രീകളുടെ വശത്ത്‌ നിൽക്കുന്ന ഒരു പെൺകുട്ടിയുടെ അടുത്ത്‌ ചെന്ന് ഡാൻസ്‌ കളിക്കുന്നതാണ്. - ക്രിസ്ത്യൻ യുവാക്കളെ ഭക്തിയില്ലാത്തവരും പെൺകുട്ടികളോട്‌ അപമര്യാദയായി പെരുമാറുന്നവരുമായി ചിത്രീകരിക്കുക. - ക്രിസ്ത്യൻ യുവതികളെ അടക്കവും ഒതുക്കവുമില്ലാത്തവരായി ചിത്രീകരിക്കുക. - പള്ളിയിൽ വച്ച്‌ ഡാൻസും കൂത്തും കളിക്കുക ഓൺ മൾട്ടിപ്പിൾ ചാർജ്ജസ്‌ , വികാരം വ്രണപ്പെടുത്തിയതിനു മാപ്പ്‌ പറയണം അൽഫോൻസ്‌ പുത്രൻ. ഉ.ക്രി(ഉണർന്ന ക്രിസ്ത്യാനി) ഒപ്പ്‌.

നോട്ട്‌: ലിജോ ജോസ്‌ പെല്ലിശേരി ചിരിക്കണ്ട. സാറിനുള്ളത്‌ പുറകെ വരുന്നുണ്ട്‌