'മാണിക്യമലരായ' പാട്ടെഴുതിയ ജബ്ബാർ സൗദിയിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരൻ

നാടെങ്ങും മാണിക്യ മലരാണ് ഇപ്പോൾ ഹരം പിടിപ്പിക്കുന്നത്. പാട്ടിന് 40 വർഷം പഴക്കമുണ്ടെങ്കിൽ അത് കയറി അങ്ങ് ഹിറ്റാകാൻ നാല് പതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. 40 വർഷം മുൻപ് ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടെഴുതുമ്പോൾ ജബ്ബാർ അറിഞ്ഞില്ല പാട്ടിന് ലോകം മുഴുവൻ കേൾക്കാൻ യോഗമുണ്ടാകുമെന്ന്. ഇപ്പോൾ സൗദിയിലെ റിയാദിലെ മലസ് ഏരിയയിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ് ജബ്ബാർ. അഞ്ചുവർഷമായി അവിടെയാണ് ജോലി ചെയ്യുന്നത്.

മാപ്പിളപ്പാട്ട് രംഗത്ത് ഹിറ്റായ ഈ ഗാനം 29 വർഷം മുമ്പ് ഒരു ചെറിയ പെരുന്നാൾ ദിനത്തിൽ ദൂരദർശനിൽ അവതരിപ്പിക്കപ്പെട്ടു. 1992 ൽ ‘ഏഴാം ബഹർ’ എന്ന ഓഡിയോ ആൽബത്തിൽ ‘മാണിക്യ മലരായ’ ഇടം പിടിച്ചു. ആദ്യം ഈ വരികൾ ആലപിച്ച് ഹിറ്റാക്കിയത് റഫീഖ് തലശ്ശേരിയാണ്. പിന്നീട് ഒട്ടനവധി പ്രമുഖ ഗായകർ ഈ ഗാനം പാടി. വർഷങ്ങൾ കഴിഞ്ഞും പുതു തലമുറ ഏറ്റു പാടുമ്പോൾ താൻ അനുഭവിക്കുന്ന ആഹ്ലാദം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയുമാണെന്ന് ജബ്ബാർ. എഴുത്ത് മാത്രമല്ല, ജബ്ബാർ നന്നായി പാടുകയും ചെയ്യും. ഉസ്താദ് എന്നാണിദ്ദേഹം അറിയപ്പെടുന്നത്.

പതിനാറ് വയസ്സ് മുതൽ പാട്ട് എഴുതുന്നുണ്ട്. മദ്രസയിലെ സാഹിത്യ പരിപാടികൾക്ക് കുട്ടികൾക്ക് പാട്ട് എഴുതിയായിരുന്നു തുടക്കം. ഇതിനോടകം അഞ്ഞൂറിലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഈ ഗാനം റീമേക്ക് ചെയ്യുന്നതിനെ കുറിച്ച് റഫീഖ് പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ പാട്ട് യുവ തലമുറ ഏറ്റുവാങ്ങിയതോടെ ജബ്ബാറും സെലിബ്രിറ്റിയായി. മക്കളും സുഹൃത്തുക്കളും വിളിച്ചു. അവരുടെ സന്തോഷവും പങ്കുവച്ചപ്പോൾ ഏഴാം സ്വർഗത്തിലായി ജബ്ബാർ.

അഞ്ഞൂറിലധികം ഗാനങ്ങൾ ജബ്ബാർ എഴുതിയിട്ടുണ്ട്. പ്രത്യേക പുരസ്കാരങ്ങളോ പ്രതിഫലമോ ഒന്നും ജബ്ബാറിനെ തേടി എത്തിയിട്ടില്ല. പക്ഷെ വർഷങ്ങൾക്കിപ്പുറം ആ പാട്ട് ലോകം മുഴുവനുമുള്ള മലയാളി ഏറ്റെടുത്തപ്പോൾ ഇതിൽപ്പരം എന്ത് സന്തോഷമാണ് കിട്ടാനുള്ളതെന്ന് ‍ജബ്ബാർ ചോദിക്കുന്നു.