സൂര്യയെ കുളളനെന്ന് വിളിച്ചതിൽ പ്രതിഷേധം; ആരാധകരോട് സൂര്യയ്ക്ക് പറയാനുളളത്

നടൻ സൂര്യയെ ലൈവ് പരിപാടിക്കിടെ കുളളനെന്ന് വിളിച്ച് സൺ മ്യൂസിക് അവതാരകർ പുലിവാൽ പിടിച്ചു. ചാനല്‍ അവതാരകര്‍ക്കെതിരെ സിനിമാ രംഗത്തുള്ളവരും ആരാധകരും രംഗത്തെത്തിയതോടെ വൻ പ്രതിഷേധം രൂപപ്പെട്ടു. സൺ മ്യൂസികിന്റെ ഓഫിസിനു മുന്നിൽ ആരാധകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 

എന്നാൽ ചാനലിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുന്ന ആരാധരോട് സൂര്യയ്ക്ക് ചിലതു പറയാനുണ്ട്. ഒരിയ്ക്കലും തികച്ചും അസംബന്ധമായ ഇത്തരം വിമര്‍ശനങ്ങളോട് തരംതാണതരത്തില്‍ പ്രതികരിക്കാൻ പാടില്ലെന്നായിരുന്നു സൂര്യയുടെ പ്രതികരണം. നിങ്ങളുടെ വിലപ്പെട്ട സമയം ഉപകാരപ്രദമായ മറ്റ് പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുക. സമൂഹത്തിന് ഉപകാരപ്രദമാകട്ടെ.’ സൂര്യ പറഞ്ഞു. പ്രിയപ്പെട്ട ആരാധകര്‍ എന്ന ഹാഷ്ടാഗും കുറിച്ചാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. 

കഴിഞ്ഞ ദിവസം സണ്‍ മ്യൂസികിന്റെ ലൈവ് പരിപാടിയ്ക്കിടയില്‍ രണ്ടു വനിതാ അവതാരകരാണ് സൂര്യയെപ്പറ്റി വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്. അമിതാഭ് ബച്ചനൊപ്പം നില്‍ക്കണമെങ്കില്‍ സ്റ്റൂളും അനുഷ്‌കയോടൊപ്പം അഭിനയിക്കണമെങ്കില്‍ ഹീല്‍സും വേണ്ടി വരുമെന്നായിരുന്നു അവതാരകരുടെ പരിഹാസം.

സൂര്യയെ നായകനാക്കി കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ പരാമര്‍ശം ഉണ്ടായത്. ഇതിനെതിരെ ആരാധകര്‍ രംഗത്തെത്തുകയും മാപ്പ് പറയുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.