മലയാളത്തിൽ ഇങ്ങനെ ഒരു സിനിമ ആദ്യം; കാർബണിനെ പ്രശംസിച്ച് സത്യൻ അന്തിക്കാട്

വേണു സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ ചിത്രം കാർബണിനെ പ്രശംസിച്ചു കൊണ്ട് സംവിധായകൻ സത്യൻ അന്തിക്കാട് രംഗത്ത്. പേരിന്റെ കൂടെ ഒരു കാട് ഉണ്ടെങ്കിലും യഥാർത്ഥ കാടിനുളളിൽ കയറാൻ എനിക്കിതുവരെ ധൈര്യമുണ്ടായിട്ടില്ലെന്ന മുഖവുരയോടാണ് കുറിപ്പ്. വേണുവിന്റെ വനയാത്ര നേരിട്ടു കണ്ടു. 

മലയാളത്തില്‍ ഇങ്ങനൊരു സിനിമ ആദ്യമാണ്. നമ്മള്‍ പോലുമറിയാതെ 'സിബി' എന്ന ഭാഗ്യാന്വേഷിയോടൊപ്പം വേണു നമ്മളെ കാടിന്റെ ഉള്ളറകളില്‍ പിടിച്ചിടുന്നു. മഞ്ഞും, മഴയും, തണുപ്പും, ഏകാന്തതയുമൊക്കെ നമ്മളും അനുഭവിക്കുന്നു. ഇടക്കെങ്കിലും ഇത്തരം സിനിമകള്‍ സംഭവിക്കണം. എങ്കിലേ വ്യത്യസ്തത എന്തെന്ന് നാം തിരിച്ചറിയൂ.–സത്യൻ അന്തിക്കാട് പറയുന്നു. 

ഫഹദ് ഫാസിലിനെ അനുമോദനങ്ങൾ കൊണ്ട് മൂടുകയാണ് സത്യൻ അന്തിക്കാട്. ഫഹദ് ഫാസില്‍ എന്ന നടന്റെ സാനിദ്ധ്യമാണ് 'കാര്‍ബണ്‍' ന്റെ ഏറ്റവും വലിയ ശക്തി. നോട്ടം കൊണ്ടും, ചലനങ്ങള്‍ കൊണ്ടും, മിന്നി മറയുന്ന ഭാവങ്ങള്‍ കൊണ്ടും ഫഹദ് വീണ്ടും നമ്മളെ കൈയ്യിലെടുക്കുന്നു– സത്യൻ അന്തിക്കാട്  ഫെയ്സ്ബുക്കിൽ കുറിച്ചു.