പത്മാവതിനായി പാഡ്മാന്റെ റിലീസ് മാറ്റി; അക്ഷയ്കുമാറിന് നന്ദി പറഞ്ഞ് ബൻസാലി

വിവാദങ്ങളെ മറികടന്ന് ജനുവരി 25ാം തീയതി തീയറ്ററുകളിൽ എത്തുകയാണ് സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവത്. എന്നാൽ പത്മാവതിനു വേണ്ടി സ്വന്തമായി നിർമ്മിക്കുന്ന പാഡ്മാന്റെ റിലീസിങ് മാറ്റി വെച്ച അക്ഷയ് കുമാറിന് കയ്യടിക്കുകയാണ് സിനിമാലോകം. പദ്മാവത് എത്രയും വേഗം തന്നെ ജനങ്ങളിലേയ്ക്ക് എത്തേണ്ടത് അനിവാര്യമാണെന്നും അതിനാല്‍ തന്റെ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയാണെന്നും അക്ഷയ്കുമാര്‍ ബന്‍സാലിക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിക്കുകയായിരുന്നു. പിന്നാലെ അക്ഷയ് കുമാറിന് സഞ്ജയ് ലീല ബൻസാലി  നന്ദി പറഞ്ഞു. 

ജീവിച്ചിരിക്കുന്നിടത്തോളം ഈ സഹായം ഒരിക്കലും താൻ മറക്കില്ലെന്നും സഞ്ജയ് ലീല ബൻസാലി പറഞ്ഞു. ഏറെ പ്രതിസന്ധികൾക്കിടയിലൂടെ കടന്നു വന്ന ചിത്രമാണ് പത്മാവത്. പാഡ്മാനും ഒരേ തീയതിൽ റിലീസിങ്ങിന് വരുന്നതിനാൽ റിലീസിങ് തീയതി മാറ്റി വെക്കാൻ ‍‍അഭ്യർത്ഥിക്കുകയും അക്ഷയ്കുമാർ അത് അംഗീകരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ബൻസാലി പറയുന്നു. അക്ഷയ് കുമാറിന്റെ ഭാര്യയും നടിയുമായ ട്വിങ്കിള്‍ ഖന്നയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 

നാലു സംസ്ഥാനങ്ങളിൽ 'പത്മാവത്' സിനിമ നിരോധിച്ച നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. സിനിമ നിരോധിച്ചത് ഗൗരവമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടൽ. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് നിർമാതാക്കളായ വിയകോം സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് തീർപ്പാക്കിയത്. 

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത്, ദീപിക പദുകോണും ഷാഹിദ് കപൂറും രൺവീർ സിങ്ങും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിനെതിരെ രജ്പുത് കർണിസേനയുടെ കടുത്ത പ്രതിഷേധമാണു വൻവിവാദമായതും റിലീസ് വൈകിച്ചതും. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന്, മുൻനിശ്ചയിച്ച പോലെ ഈ മാസം 25ന് സിനിമ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചു. റാണി പത്മാവതിയുടെ വീരചരിത്രം വികലമായി ചിത്രീകരിച്ചെന്ന ആരോപണങ്ങളെത്തുടർന്നു ചരിത്ര വിദഗ്ധരുൾപ്പെട്ട സമിതി ചിത്രം കണ്ട ശേഷമായിരുന്നു ഫിലിം സർട്ടിഫിക്കേഷൻ ലഭിച്ചത്. 'പത്മാവതി' എന്നതിനു പകരം 'പത്മാവത്' എന്ന് പേരു മാറ്റാനും നിർദേശിച്ചിരുന്നു.