ലിറ്റിൽ സൂപ്പർ മാൻ ഹിന്ദിയില്‍ ഹിറ്റ്

മലയാളത്തിന്റെ ലിറ്റില്‍ സൂപ്പര്‍മാന് ഹിന്ദിയില്‍ വന്‍സ്വീകരണം. വിനയന്‍ സംവിധാനം ചെയ്ത ത്രിഡി ചിത്രം ലിറ്റില്‍ സൂപ്പര്‍മാന്‍ യൂ ട്യൂബില്‍ കണ്ടത് അരക്കോടിയിലേറെ പ്രേക്ഷകര്‍. ഒരു മലയാളചിത്രത്തിന്റെ ഹിന്ദിപതിപ്പ് ഇത്രയധികം ആളുകള്‍ കാണുന്നത് റെക്കോര്‍ഡാണെന്ന് വിനയന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

പൂര്‍ണമായും ത്രിഡിയില്‍ പ്രേക്ഷകര്‍ക്കുമുന്നിലെത്തിയ സിനിമയാണ് ലിറ്റില്‍ സൂപ്പര്‍മാന്‍. സ്വന്തം കുടുംബം തകര്‍ത്തവരെ സ്കൂള്‍ വിദ്യാര്‍ഥി അതിമാനുഷികനായി നേരിടുന്ന കഥയാണ് ചിത്രം പ്രേക്ഷകന് മുന്നില്‍ അവതരിപ്പിച്ചത്. ഹിന്ദിയില്‍ മൊഴിമാറ്റം നടത്തിയ സിനിമ യൂട്യൂബില്‍ തരംഗമായി മാറുകയായിരുന്നു. 

അതിശയനിലൂടെ മലയാളസിനിമയ്ക്ക് പുതിയ കാഴ്ചയൊരുക്കിയ വിനയന്‍ കുട്ടികളെ മുന്നില്‍കണ്ടുകൊണ്ടാണ് ലിറ്റില്‍ സൂപ്പര്‍മാന്‍ ഒരുക്കിയത്. വിനയനും വി.എന്‍ ബാബുവും ചേര്‍ന്ന് നിര്‍മിച്ച സിനിമയ്ക്കുവേണ്ടി ഹോളിവുഡില്‍നിന്നും ബോളിവുഡില്‍നിന്നുമെത്തിയ കലാകാരന്മാരാണ് ഗ്രാഫിക്സ് ജോലികള്‍ നിര്‍വഹിച്ചത്. യൂട്യൂബില്‍ ചിത്രത്തിന് ലഭിച്ച സ്വീകാര്യത, മലയാള സിനിമയുടെ പുതിയ വിപണിയെകുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍കൂടിയാണെന്ന് വിനയന്‍ ചൂണ്ടിക്കാട്ടി.