എ.ആർ.റഹ്മാൻ ‘ആടുജീവിത’ത്തിലൂടെ വീണ്ടും മലയാളത്തിലേക്ക്

കാല്‍നൂറ്റാണ്ടിന് ശേഷം പ്രശസ്ത സംഗീത സംവിധായകൻ എ.ആര്‍ റഹ്മാന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന, പൃഥ്വിരാജ് നായകനാകുന്ന ബ്ലെസിയുടെ ‘ആടുജീവിത’ത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുമെന്ന് എ.ആര്‍. റഹ്മാന്‍ പറഞ്ഞു. സംഗീത സപര്യയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കാന്‍ ദുബായിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

സംഗീത് ശിവന്‍ സംവിധാനം ചെയ്ത് 1992ല്‍‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘യോദ്ധ’യിലാണ് റഹ്മാന്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചത്. അങ്ങനെ മലയാള സിനിമയിലൂടെ സംഗീത സപര്യയ്ക്ക് തുടക്കം കുറിച്ച റഹ്മാന്‍റെ ഈണം ഓസ്കറിലൂടെ ലോകമറിഞ്ഞു. മലയാളത്തിലേയ്ക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലൂടെ ഉടന്‍ തിരിച്ചെത്തുമെന്ന് വ്യക്തമാക്കിയത്. 

പിതാവ് ആര്‍.കെ ശേഖറിനൊന്നിച്ച് സംഗീത രംഗത്ത് ഹരിശ്രീ കുറിച്ച അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായകനാകുന്നതിന് മുന്‍പ് ഏതാനും മലയാള സിനിമയ്ക്കുവേണ്ടി പിന്നണിയിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാല്‍നൂറ്റാണ്ടത്തെ സംഗീതയാത്ര ജേര്‍ണി എന്ന പേരില്‍ ഈ മാസം 26ന് ദുബായ് പാര്‍ക്ക്സ് ആന്‍ഡ് റിസോര്‍ട്ടിലാണ് ആഘോഷിക്കുക. 300 അടി വലിപ്പത്തില്‍ പ്രത്യേകം സജ്ജമാക്കിയ കൂറ്റന്‍ വേദിയിലെ പരിപാടി സംഗീത സാമ്രാട്ടിനുള്ള ആദരം കൂടിയായിരിക്കും. ബ്രദേഴ്സ് ഇന്‍ കോര്‍പറേറ്റഡാണ് സംഗീതമേളയൊരുക്കുന്നത്. സംഘാടകരായി രാഹുല്‍, നിനാന്ദ് എന്നിവരും വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്തു.