തീയറ്റര്‍ നിറയെ സിനിമ; ഏതുകാണും ഈയാഴ്ച..?

മലയാള സിനിമയ്ക്ക് വീണ്ടും ഒരു 'നിറകണ്‍' വെള്ളിയാഴ്ച. മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങളും ഒപ്പം സൂര്യയുടെയും വിക്രമിന്‍റെയും ഏറെ കാത്തിരുന്ന രണ്ട് ചിത്രങ്ങളും. ഒപ്പം ക്രിസ്മസ് ചിത്രങ്ങളില്‍ നേട്ടം കൊയ്ത് മാസ്റ്റര്‍പീസും ആടും മായാനദിയും ഇപ്പോഴും തീയറ്ററില്‍ തുടരുകയും ചെയ്യുന്നു. ഇടക്കാലത്തെത്തിയ ഈടയും ദിവാന്‍ജി മൂലയും ചേരുമ്പോള്‍ തീയറ്ററില്‍ സിനിമയ്ക്ക് ഇത് നല്ലകാലം തന്നെ. 

സലീംകുമാര്‍-ജയറാം ടീമിന്‍റെ ദൈവമേ കൈതൊഴാം കെ കുമാറാകണം ആണ് ഇന്ന് തീയറ്ററുകളിലെത്തിയ പ്രധാനചിത്രം. വിനോദ രസപ്രധാനമായി സലീംകുമാര്‍ സംവിധാനം ചെയ്യുന്ന ആദ്യസിനിമയാണിത്. പഴയ ലാളിത്യത്തിലേക്കും കുടുംബനായക ഭാവങ്ങളിലേക്കും ജയറാം തിരികെ എത്തുന്നു എന്ന തിളക്കവുമുണ്ട്. അനുശ്രീ, നെടുമുടി വേണു തുടങ്ങി നീണ്ട താരനിര.

തുടക്കക്കാരുടെ കാമ്പസ് സിനിമ ക്വീന്‍ ആണ് മറ്റൊന്ന്. സമൂഹമാധ്യമങ്ങളില്‍ ഓളങ്ങള്‍ തീര്‍ത്തശേഷമാണ് സിനിമയുടെ വരവ്. യുവാക്കള്‍ സിനിമയ്ക്ക് തള്ളിക്കയറുമെന്ന വിശ്വാസമാണ് അണിയറപ്രവര്‍ത്തകര്‍ക്ക്.  

സൂര്യയുടെ താന സേര്‍ന്ത കൂട്ടം മലയാളത്തില്‍ വലിയ വിപണി സാധ്യതകള്‍ ലക്ഷ്യമിടുന്നു. വിഘ്നേശ് ശിവന്‍ ആണ് തിരക്കഥയും സംവിധാനവും. മലയാളിതാരം കീര്‍ത്തി സുരേഷാണ് നായിക. വിക്രമിന്‍റെ സ്കെച്ചില്‍ തമന്നയാണ് നായിക. രണ്ട് ചിത്രത്തിനുമായി കേരളത്തില്‍ നാന്നൂറോളം തീയറ്ററുകള്‍. ഇരുചിത്രങ്ങളുടെയും പ്രചാരണത്തിനായി താരങ്ങള്‍ കേരളത്തില്‍ എത്തിയതും ഈ വിപണി കണ്ടുതന്നെ.