കേബിൾ പണിക്കാർ ഇന്നലെ കുഴിച്ച 'പോസ്റ്റ്' ഇന്ന് കാണാനില്ല; ഡബ്ല്യു.സി.സിയെ ട്രോളി ജൂഡ് ആന്തണി

കസബ വിവാദത്തിൽ സർക്കസ് കൂടാരത്തിന്റെ കഥ പറഞ്ഞ് നടി പാർവതിയുമായി സമൂഹമാധ്യമങ്ങളിൽ കൊമ്പ് കോർത്ത സംവിധായകൻ ജൂഡ് ആന്തണി ഡബ്ല്യു.സി.സിയെ ട്രോളി വീണ്ടും രംഗത്ത്. പാർവതി നായകിയാകുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ ഗാനത്തിനെതിരായ ഡിസ്‌ലൈക്ക് ക്യാപയിനെതിരെ രംഗത്തു വന്നതിനു തൊട്ടു പിന്നാലെയാണ് ജൂഡ് ആന്തണിയുടെ ട്രോൾ. 

കസബ വിവാദവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ വിമര്‍ശിക്കുകയും ദിലീപിന്റെ പ്രവൃത്തിക്കൊപ്പം താരതമ്യം ചെയ്യുകയും ചെയ്ത ലേഖനം ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത ഉടനെ വുമൺ കളക്ടീവ് ഇൻ സിനിമ നീക്കം ചെയ്തതിന് എതിരെയാണ് ജൂഡിന്റെ നർമം കലർന്ന വിമർശനം. 'ഇവിടെ വീടിന്റെ അടുത്ത് കേബിൾ പണിക്കാർ ഒരു പോസ്റ്റ് കുഴിച്ചു ഇന്നലെ. ഇന്ന് രാവിലെ അത് കാണാനില്ല. ഒരു പോസ്റ്റും പോലും ഉറപ്പായി നിർത്താൻ അറിയാത്ത ഇവരൊക്കെ എന്ത് കേബിൾ ടിവി. ഇതിലും ഭേദം റേഡിയോ ആണ്- ജൂഡ് ഫെയ്സ്ബുക്കിൽ കുറിച്ചു.

മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലേഖനം ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തതിനു തൊട്ടു പിന്നാലെ സിനിമയ്ക്കും സംഘടനയ്ക്കും അകത്തുനിന്നും വിരുദ്ധാഭിപ്രായങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെ പോസ്റ്റ് സംഘടന പിന്‍വലിക്കുകയായിരുന്നു. ഇതോടെ ഒരു വിഭാഗം പ്രതിഷേധം ശക്തിപ്പെടുത്തുകയായിരുന്നു.  ഇംഗ്ലീഷ് പത്രത്തില്‍ വന്ന ലേഖനമാണ് പുതുവര്‍ഷദിവസം ആശംസകളോടൊപ്പം സ്വന്തം പേജില്‍ സംഘടന ഷെയര്‍ ചെയ്തത്. സിനിമയില്‍ മമ്മൂട്ടിയെയും ദിലീപിനെയും പോലുള്ള താരങ്ങള്‍ സ്ത്രീവിരുദ്ധത ആവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് വിലയിരുത്തുന്ന ലേഖനമാണ് വിവാദ നടപടികള്‍ക്ക് ആധാരമായത്.