മലയാളത്തിലെ യുവസംവിധായകൻ നായകനാകുന്നു

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവം മലയാളത്തിന്റെ യുവസംവിധായകനെ നായകനാക്കുന്നു. ദിലീപ് അഭിനയിച്ച രാമലീലയുടെ സംവിധായകനായ അരുൺഗോപിയാണ് പുതുമുഖസംവിധായകന്റെ സിനിമയിൽ നായകനാകുന്നത്. ഐ.എഫ്.എഫ്.കെയിലെ സൗഹൃദങ്ങളാണ് അഭിനേതാവാകാൻ നിമിത്തമായതെന്ന് അരുൺഗോപി മനോരമ ന്യൂസിനോട് പറഞ്ഞു. 

വിദൂരസ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു അരുൺഗോപിക്ക് അഭിനയമോഹം. എന്നാൽ രാജ്യാന്തരചലച്ചിത്രോത്സവം എല്ലാം മാറ്റിമറിച്ചു. പ്രതിസന്ധികൾക്കിടയിലും മികച്ച വിജയം നേടിയ രാമലീലക്കുശേഷം മോഹൻലാൽ ചിത്രത്തിനായി തയാറെടുക്കുമ്പോഴാണ് ചലച്ചിത്രോത്സവം എത്തുന്നതും അഭിനയിക്കാനുള്ള ഓഫർ കിട്ടുന്നതും. 

രതീഷ് രഘുനന്ദനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പോക്കിരി സൈമണ് ശേഷം ശ്രീവരി ഫിലിംസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് നിർമാണം. അങ്ങനെ ഈ ചലച്ചിത്രോൽസവം സംവിധായകനിലെ നടനെ കണ്ടെത്തുന്നതിനും കാരണമായി.