കാഞ്ചനമാല മുതല്‍ കുഞ്ഞാലിക്കുട്ടി വരെ; ഫാന്‍സ് ഷോ ആവേശത്തില്‍ മാസ്റ്റര്‍പീസ്

ഒടുവില്‍ മമ്മൂട്ടി ആരാധകര്‍ കാത്തിരുന്ന ദിനമെത്തുന്നു. ഡിസംബര്‍ 21. മുന്‍പൊരു സിനിമയ്ക്കും നല്‍കാത്ത വരവേല്‍പ് സിനിമയ്ക്കായി ഒരുക്കാനുള്ള തയാറെടുപ്പിലാണ് മാസങ്ങളായി അവര്‍. ഫാന്‍സ് ഷോകളുടെ എണ്ണത്തില്‍ റെക്കോര്‍ഡിടാനാണ് പടപ്പുറപ്പാട്. കേരളത്തില്‍ അങ്ങോളമിങ്ങോളം ആഴ്ചകളായി ഫാന്‍സ് ഷോ ഒരുക്കങ്ങള്‍ തകൃതിയാണ്.

രാഷട്രീയക്കാര്‍ മുതല്‍ സിനിമാക്കാര്‍ വരെ സമൂഹത്തിന്‍റെ പലതട്ടിലുള്ളവര്‍ ഫാന്‍സ് ഷോ ടിക്കറ്റിന്‍റെ ആദ്യവില്‍പനയ്ക്കായി ആരാധക സംഘങ്ങള്‍ തിരഞ്ഞെടുത്ത്. മുന്‍മന്ത്രി പികെ കുഞ്ഞാലിക്കുട്ടി മുതല്‍ മുക്കത്തെ കാഞ്ചനമാല വരെയും ടൊവീനോ തോമസ് മുതല്‍ അനു സിതാര വരെയും മമ്മൂട്ടി ആരാധകരുടെ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. 

ഫാന്‍സ് ഷോകളുടെ എണ്ണം ഇരുന്നൂറ് കടക്കുമെന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലിന്‍റെ ഭാരവാഹികള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നു. ഇത് മലയാളത്തില്‍ മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത ഫാന്‍സ് ഷോ കൗണ്ടാണെന്നും അവര്‍ പറയുന്നു. എറണാകുളത്തു മാത്രം ഇരുനൂറു ബൈക്കുകളിലായി മാസ്റ്റർപീസ് റാലിയാണ് റിലീസ് ദിവസം പ്ലാൻ ചെയ്യുന്നത്.

തീയേറ്ററിൽ നിന്ന് തുടങ്ങി നഗരാതിർത്തികൾ ചുറ്റി തിയേറ്ററിൽ തിരിച്ചെത്തുന്ന തരത്തിലാണ് റാലി പ്ലാന്‍ ചെയ്തതെന്ന് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംസ്ഥാന സെക്രട്ടറി ഷാനവാസ് പറഞ്ഞു. ആദ്യ ദിവസങ്ങളിൽ റിസേർവേഷൻ ഇല്ലാതെ നേരിട്ട് എത്തുന്ന കുടുംബങ്ങളെ സഹായിക്കാൻ എല്ലാ തിയേറ്ററുകളിലും പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. രാവിലെ 8.30നാണ് ആദ്യ പ്രദർശനം പ്ലാൻ ചെയ്തത്. ഇന്ത്യയ്ക്കു പുറത്തുള്ള സ്ഥലങ്ങളിലെ പ്രദർശനങ്ങളും ഉത്സവമാക്കാൻ ഒരുങ്ങുകയാണ് പ്രവർത്തകർ.